വ്യാപാര ചർച്ച: 
യുഎസ്‌ സംഘം ഇന്ത്യയിലേക്കില്ല

trump tariff cover

trump tariff cover

avatar
സ്വന്തം ലേഖകൻ

Published on Aug 10, 2025, 02:58 AM | 1 min read

ന്യൂഡൽഹി : തീരുവ പ്രശ്‌നത്തിന്‌ പരിഹാരം കാണാതെ ഇന്ത്യയുമായി വ്യാപാര ചർച്ചയില്ലെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ വ്യക്തമാക്കിയതോടെ ആറാംവട്ട ചർച്ചകൾക്ക്‌ അമേരിക്കൻ പ്രതിനിധികൾ ഈ മാസം ഇന്ത്യയിലെത്തില്ലെന്ന്‌ തീർച്ചയായി. അമേരിക്കൻ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥർ ആഗസ്‌ത്‌ അവസാനം ഇന്ത്യയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ട്‌. ട്രംപ്‌ ഇന്ത്യക്കെതിരെ നിലപാട്‌ കടുപ്പിച്ചതോടെയാണ്‌ ചർച്ചകൾ അനിശ്ചിതത്വത്തിലായത്‌.


അമേരിക്കയിൽനിന്ന്‌ നിലവിൽ ചർച്ചയെക്കുറിച്ച്‌ അറിയിപ്പൊന്നുമില്ലെന്ന്‌ വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു. ജൂലൈ അവസാനത്തോടെ ഇടക്കാല വ്യാപാര കരാറും ഈ വർഷം അവസാനത്തോടെ സമഗ്ര ഉഭയകക്ഷി വ്യാപാര കരാറുമായിരുന്നു ലക്ഷ്യം. ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ അഞ്ചുവട്ടം ചർച്ച നടത്തിയിട്ടും ഇടക്കാല കരാർ സാധ്യമായില്ല. ഇതോടെ ആദ്യം 25 ശതമാനം പകരം തീരുവയും പിന്നാലെ 25 ശതമാനം പിഴയും ചുമത്തുകയായിരുന്നു. 25 ശതമാനം പകരം തീരുവ വ്യാഴാഴ്‌ച നിലവിൽവന്നു. രണ്ടാമത്‌ പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ 27ന്‌ നടപ്പിൽ വരും. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള നിലവിലുള്ള നികുതി ഉൾപ്പെടെ തീരുവ 50 ശതമാനത്തിലേറെയായി ഉയരും.


ട്രംപ്‌ നിലപാട്‌ കടുപ്പിച്ചിട്ടും മോദി സർക്കാർ അയഞ്ഞ നിലപാട്‌ തുടരുകയാണ്‌. റഷ്യയും ചൈനയുമായി അടുക്കാൻ ശ്രമമുണ്ടെങ്കിലും യുഎസിനെതിരായി കടുത്ത നടപടികൾക്ക്‌ മോദി സർക്കാർ ഒരുക്കമല്ല. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത്‌ കുറച്ച്‌ ട്രംപിനെ പ്രീതിപ്പെടുത്താനും ശ്രമമുണ്ട്‌. ട്രംപിന്റെ 50 ശതമാനം തീരുവയ്‌ക്ക്‌ പകരം യുഎസ്‌ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ കൂട്ടാൻ മോദി സർക്കാർ തയ്യാറായിട്ടില്ല. യുഎസിൽനിന്ന്‌ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നത്‌ അവസാനിപ്പിക്കുമെന്ന വാർത്തകൾ സർക്കാർ നിഷേധിച്ചിട്ടുണ്ട്‌. സംഘപരിവാറിലെ യുഎസ്‌–- ഇസ്രയേൽ ലോബിയാണ്‌ കടുത്ത നടപടികളിൽനിന്ന്‌ സർക്കാരിനെ പിന്തിരിപ്പിക്കുന്നതെന്നാണ്‌ റിപ്പോർട്ട്‌. ട്രംപുമായി അനുനയമാണ്‌ ഇവർ നിർദേശിക്കുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Home