രൂപയുടെ മൂല്യം ഇനിയും ഇടിയുമോ? വ്യാപാരക്കമ്മി വർധിക്കുന്നു, റിപോർട്ട്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊട്ടിഘോഷിക്കുന്ന 'ആത്മനിർഭർ ഭാരത്' വെറുംവാക്കാകുന്നു. രാജ്യം ഇറക്കുമതി ആശ്രയിക്കുന്നത് വർധിക്കുകയാണെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം. കയറ്റുമതിയിൽ വർധന അവകാശപ്പെടുമ്പോഴും ഇറക്കുമതിയിലുണ്ടായ വൻ കുതിച്ചുചാട്ടം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുന്ന തരത്തിൽ വ്യാപാരക്കമ്മി വർധിപ്പിക്കുകയാണ്.
ഒരു രാജ്യം നിശ്ചിത കാലയളവിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം, കയറ്റുമതി ചെയ്യുന്നവയുടെ മൂല്യത്തേക്കാൾ കൂടുതലാകുന്ന അവസ്ഥയാണ് വ്യാപാരക്കമ്മി. വ്യാപാരക്കമ്മി കൂടുമ്പോൾ ഡോളറിന് ആവശ്യം കൂടുകയും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയും ചെയ്യാം.
ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ഇറക്കുമതി 8.53 ശതമാനം വർധിച്ച് 71,353 കോടി ഡോളറിലെത്തി. ഇതോടെ രാജ്യത്തിന്റെ വ്യാപാരക്കമ്മി കഴിഞ്ഞ വർഷത്തെ 26,180 കോടി ഡോളറിൽ നിന്ന് 31,060 കോടി ഡോളറായി. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പകരം വിദേശ ഉല്പന്നങ്ങളെയും അസംസ്‌കൃത വസ്തുക്കളെയും അമിതമായി ആശ്രയിക്കുന്ന നയമാണ് തിരിച്ചടിയാകുന്നത്.
പശ്ചിമേഷ്യയിലും യൂറോപ്പിലും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്കയും ഇസ്രയേലും നടത്തുന്ന അധിനിവേശ യുദ്ധങ്ങൾ ആഗോള വിതരണ ശൃംഖലയെ തകർത്തിരിക്കുകയാണ്. ഇറാനുനേരെയുള്ള കടന്നുകയറ്റവും യുക്രൈൻ സംഘർഷവും ആഗോള വിപണിയിൽ അസംസ്‌കൃത വസ്തുക്കളുടെ വില വർധിപ്പിച്ചു. ഇതാണ് ഇന്ത്യയുടെ ഇറക്കുമതി ബില്ല് കുതിച്ചുയരാൻ പ്രധാന കാരണമായത്. വികസ്വര രാജ്യങ്ങളുടെ വ്യാപാരത്തെ തകർക്കുന്ന വിധത്തിൽ അമേരിക്ക അടിച്ചേൽപ്പിച്ച ഏകപക്ഷീയമായ ഉയർന്ന തീരുവകളും വിപണിയെ പ്രതിസന്ധിയിലാക്കുന്നു.
കയറ്റുമതി 1.84 ശതമാനം വർധിച്ച് 40,293 കോടി ഡോളറിലെത്തിയെന്ന് വാണിജ്യ മന്ത്രാലയം അവകാശപ്പെടുന്നുണ്ടെങ്കിലും ഫെബ്രുവരിയിൽ മാത്രം ചരക്ക് കയറ്റുമതിയിൽ കുറവുണ്ടായിട്ടുണ്ട്. മുതലാളിത്ത ലോകം നേരിടുന്ന സാമ്പത്തിക അസ്ഥിരതക്കിടയിൽ ഇറക്കുമതി നിയന്ത്രിക്കാൻ കഴിയാത്തത് രാജ്യത്തിന് ബാധ്യതയാവുകയാണ്.
മുൻവർഷത്തെ അപേക്ഷിച്ച് ചരക്ക് - സേവന മേഖലകളിൽ ആകെ കയറ്റുമതിയിൽ വർധനയുണ്ടാകുമെന്ന് കണക്കാക്കുന്നുണ്ടെങ്കിലും വർധിച്ചുവരുന്ന വ്യാപാരക്കമ്മി പരിഹരിക്കാൻ ഇറക്കുമതി ആശ്രിതത്വം കുറക്കുന്ന ശക്തമായ ബദൽ നയങ്ങൾ അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോർപ്പറേറ്റ് പ്രീണന നയങ്ങൾ ഉപേക്ഷിച്ച് ആഭ്യന്തര ഉൽപ്പാദന മേഖലയെ ശക്തിപ്പെടുത്താതെ ഈ പ്രതിസന്ധി മറികടക്കാനാവില്ലെന്നാണ് വിലയിരുത്തൽ.











0 comments