ad
Deshabhimani

'ഇത് തമാശയല്ല': എപ്സ്റ്റീൻ ഫയൽസിൽ ടൊവിനോയുടെ പേരുണ്ടോയെന്ന് ഭരദ്വാജ് രംഗൻ, പൊട്ടിച്ചിരിച്ച് ബേസിൽ; രൂക്ഷവിമർശനം

tovino baradwaj
വെബ് ഡെസ്ക്

Published on May 12, 2026, 12:39 PM | 2 min read

ചെന്നൈ: പ്രശസ്ത സിനിമാ നിരൂപകൻ ഭരദ്വാജ് രംഗൻ നടത്തിയ അഭിമുഖത്തിനിടെ നടൻ ടൊവിനോ തോമസിനോട് ചോദിച്ച അനാവശ്യ ചോദ്യവും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും സോഷ്യൽ മീഡിയയിൽ പുകയുന്നു. അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന 'അതിരടി' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖമാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുന്നത്. ആഗോളതലത്തിലെ സങ്കീർണ്ണമായ വിഷയത്തെക്കുറിച്ചുള്ള ടൊവിനോയുടെ ഗൗരവമേറിയ വാക്കുകളെ വളരെ ലാഘവത്തോടെ കണ്ട് ഭരദ്വാജ് രംഗൻ നടത്തിയ പരാമർശമാണ് ആളുകളെ ചൊടിപ്പിച്ചത്.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെക്കുറിച്ചും ഗൾഫ് മേഖലയിലെ അശാന്തിയെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ടൊവിനോ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട 'എപ്‌സ്റ്റീൻ ഫയൽസി'നെക്കുറിച്ച് പരാമർശിച്ചത്. "ഈ ലോകം വളരെ മനോഹരമായ ഒന്നാണെന്ന തോന്നലിലാണ് ഞാൻ വളർന്നുവന്നത്. എന്നാൽ ലോകത്ത് ഇപ്പോൾ പല കാര്യങ്ങളും നടക്കുന്നു. യുദ്ധം അരങ്ങേറുന്നു, എപ്‌സ്റ്റീൻ ഫയൽസിനെക്കുറിച്ച് വായിച്ചതിന് ശേഷം എനിക്ക് വളരെയധികം വിഷമം തോന്നി," എന്ന് ടൊവിനോ പറയുന്നതിനിടെ ഭരദ്വാജ് രംഗൻ ഇടപെടുകയായിരുന്നു. "താങ്കളെന്തിനാണ് വിഷമിക്കുന്നത്, താങ്കളുടെ പേര് എപ്‌സ്റ്റീൻ ഫയൽസിൽ ഇല്ലല്ലോ?" എന്നായിരുന്നു ഭരദ്വാജ് രംഗന്റെ ചോദ്യം.


ചോദ്യം കേട്ട് അല്പം അമ്പരന്നെങ്കിലും "ഇല്ല" എന്ന് പറഞ്ഞ് ടൊവിനോ ശാന്തനായി വിഷയം മാറ്റാൻ ശ്രമിച്ചെങ്കിലും സോഷ്യൽ മീഡിയ ഈ പരാമർശത്തെ ഒട്ടും എളുപ്പത്തിൽ വിട്ടുകളഞ്ഞില്ല. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ളൊരു വിഷയത്തെ സിനിമാ പ്രൊമോഷൻ അഭിമുഖത്തിനിടെ വെറുമൊരു തമാശയാക്കി മാറ്റാൻ ശ്രമിച്ച ഭരദ്വാജ് രംഗന്റെ നിലപാട് അങ്ങേയറ്റം അപക്വവും മുൻനിര നിരൂപകന് ചേരാത്തതുമാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു.


ചോദ്യം കേട്ടപ്പോൾ അപക്വമായ രീതിയിൽ ചിരിച്ച, ഒപ്പമിരുന്ന നടനും സംവിധായകനുമായ ബേസിൽ ജോസഫും വിമർശനം നേരിടുന്നുണ്ട്. ഭരദ്വാജ് രംഗൻ ഈ മോശം ചോദ്യം ചോദിച്ചയുടൻ കൂടെയിരുന്ന് ചിരിച്ച ബേസിലിന്റെ പ്രതികരണം നിരുത്തരവാദപരമായിപ്പോയെന്നാണ് ഉയരുന്ന വിമർശനം. വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്ന് തിരിച്ചറിയാതെ ഇത്തരം സന്ദർഭങ്ങളിൽ ചിരിച്ചുതള്ളുന്നത് ശരിയല്ലെന്നും, ബേസിൽ കുറച്ചുകൂടി ഗൗരവത്തോടെ ഇതിനോട് പ്രതികരിക്കണമായിരുന്നു എന്നും പലരും കുറിച്ചു.


എന്നാൽ അഭിമുഖത്തിനിടയിലെ ഒരു സ്വാഭാവിക തമാശയെ ആളുകൾ അനാവശ്യമായി വലുതാക്കി കാണിക്കുകയാണെന്ന വാദവുമായി ഭരദ്വാജ് രംഗനെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. മെയ് 14-ന് 'അതിരടി' തിയേറ്ററുകളിലേക്ക് എത്താനിരിക്കെ സോഷ്യൽ മീഡിയയിൽ ഈ വിവാദ ചർച്ചകൾ വലിയ രീതിയിൽ കൊഴുക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home