വിനോദ സഞ്ചാരികളുടെ അനുമതിയില്ലാതെ ചിത്രം പകർത്തിയാൽ പിടിവീഴും; ഗോവയിൽ നടപടി കർശനമാക്കി പൊലീസ്

പനാജി: വിനോദ സഞ്ചാരികളുടെ അനുവാദമില്ലാതെ ചിത്രം, വീഡിയോ പകർത്തുന്നവർക്കെതിരെ നടപടി കർശനമാക്കി ഗോവ പൊലീസ്. വിദേശീയരും തദ്ദേശീയരുമായ സഞ്ചാരികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്.
കഴിഞ്ഞ ദിവസം കലാൻഗുട്ട്, ബാഗ ബീച്ചുകൾക്ക് സമീപത്തായി വിദേശ സഞ്ചാരികളെ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുകയും ഉപദ്രവിക്കാനും ശ്രമം നടന്നു. സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിലായി. റഷ്യൻ വനിതയെ ഉപദ്രവിച്ചതിന് ഒഡീഷയിൽ നിന്നുള്ള രണ്ട് യുവാക്കളെയും പൊലീസ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തദ്ദേശീയരായ സഞ്ചാരികൾ വിദേശ സഞ്ചാരികളെ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. പ്രധാനമായും സ്ത്രീകളെയാണ് ഇവർ നിർബന്ധിക്കുന്നത്. ഇത്തരത്തിൽ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്ത് 24 മണിക്കൂർ കസ്റ്റഡിയിൽ വെക്കുമെന്നുമാണ് ഗോവ പൊലീസ് വ്യക്തമാക്കി. ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളുടെ സ്വകാര്യത ലംഘിക്കുന്നതിനെതിരെ കർശന നടപടിയെടുക്കും. സംഭവങ്ങൾക്ക് പിന്നാലെ ബീച്ചുകളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കി.










0 comments