ചുങ്‌താങ്ങ്-ലാച്ചൻ പാതയിൽ ഉരുൾപൊട്ടൽ; ഇരുന്നൂറോളം വിനോദസഞ്ചാരികൾ കുടുങ്ങി

ഗാങ്‌ടോക്ക്: ഉത്തര സിക്കിമിൽ കനത്ത മഴയെത്തുടർന്നുണ്ടായ തുടർച്ചയായ ഉരുൾപൊട്ടലിൽ 200-ഓളം വിനോദസഞ്ചാരികൾ വഴിയിൽ കുടുങ്ങി. ചൊവ്വാഴ്ച രാത്രിയോടെ ചുങ്‌താങ്ങ്-ലാച്ചൻ പാതയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതോടെ ലാച്ചനിലേക്ക് പോകാനിരുന്ന സഞ്ചാരികൾ വഴിമധ്യേ കുടുങ്ങി. പ്രളയത്തിൽ തകര്‍ന്ന ലാച്ചൻ പാത പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടാഴ്ച മുൻപ് മാത്രമാണ് തുറന്നത്.
കുടുങ്ങിക്കിടക്കുന്ന സഞ്ചാരികളെ ചുങ്‌താങ്ങിലെ ഐ ടി ബി പി ക്യാമ്പിലും പ്രാദേശിക ഗുരുദ്വാരയിലുമായി താമസിപ്പിച്ചിരിക്കകയാണ്. ലാച്ചനിലേക്കുള്ള പാതയിൽ പലയിടങ്ങളിലും മണ്ണും പാറകളും വീണ് ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് സോംഗോ തടാകം, നാഥുലാ പാസ് എന്നീവിടങ്ങളിലേക്കുള്ള യാത്രയും നിരോധിച്ചിരിക്കുകയാണ്. ലാച്ചുങ്ങിലേക്കുള്ള റോഡിലെ തടസ്സങ്ങൾ നീക്കിയതായും അവിടെ കുടുങ്ങിയ സഞ്ചാരികളെ ബുധനാഴ്ച രാവിലെ സുരക്ഷിതമായി ഗാങ്‌ടോക്കിലേക്ക് തിരിച്ചയച്ചതായും മംഗൻ ജില്ലാ കളക്ടർ അനന്ത് ജയിൻ അറിയിച്ചു.
2023-ലെ പ്രളയത്തിന് ശേഷം തകർന്ന ലാച്ചൻ പാത ഈ മാസം ഒമ്പതിനാണ് വിനോദസഞ്ചാരികൾക്കായി വീണ്ടും തുറന്നുകൊടുത്തത്. രണ്ടാഴ്ച തികയുന്നതിന് മുൻപേ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. നിലവിൽ പ്രദേശത്ത് ഇടവിട്ട മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമാവുകയും റോഡുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം മാത്രമേ വിനോദസഞ്ചാരികളെ മുന്നോട്ട് പോകാൻ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. മോശം കാലാവസ്ഥയെത്തുടർന്ന് പല സഞ്ചാരികളും യാത്ര റദ്ദാക്കി ഗാങ്‌ടോക്കിലേക്ക് മടങ്ങിയിട്ടുണ്ട്.










0 comments