print edition കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിസന്ധി ; ടോൾ പിരിവ് ഇരട്ടിയാകും

ന്യൂഡൽഹി
സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിറ്റഴിക്കല്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ദേശീയ പാതകളിലെ ടോൾ പിരിവിലൂടെ മാത്രം 2.22 ലക്ഷം കോടി രൂപ നേടിയെടുക്കാൻ നീക്കം. രണ്ടാംഘട്ടമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വിശേഷിപ്പിച്ച വിറ്റഴിക്കൽ– വാടകയ്‌ക്ക് നൽകൽ പദ്ധതിയിലൂടെ 2026– 30ൽ 16.72 ലക്ഷം കോടി രൂപയാണ് സമാഹരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ 4.42 ലക്ഷം കോടി രൂപയും (26%) ഹൈവേ– റോപ്‌വേ– ലോജിസ്‌റ്റിക്കൽ പാർക്ക് മേഖലയിൽ നിന്നാണ്. 21300 കിലോമീറ്റർ ഹൈവേ, ആറ് റോപ്‌വേ പദ്ധതികൾ, 15 ലോജിസ്‌റ്റിക്കൽ പാർക്കുകൾ എന്നിവയിലൂടെയാണ് 4.42 ലക്ഷം കോടി രൂപയുടെ ധനസമാഹരണം.
ദേശീയപാതകളിലെ ടോൾ പിരിവിലൂടെ മാത്രം 2.22 ലക്ഷം കോടി രൂപയാണ് 2030 കാലയളവ് വരെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. നിലവിൽ പ്രതിവർഷം 59140 കോടി രൂപയാണ് ടോൾ പിരിവിലൂടെ ദേശീയപാത അതോറിറ്റിക്ക് ലഭിക്കുന്നത്. എന്നാൽ 2026–30 കാലയളവിൽ ടോൾ പിരിവ് പ്രതിവർഷം ശരാശരി 1.17 ലക്ഷം കോടി രൂപയായി ഉയരും. ഏതാണ്ട് ഇരട്ടി വർധനവാണ് വരും വർഷങ്ങളിൽ ടോൾ പിരിവിലുണ്ടാവുക. വിവിധ ഹൈവേ പദ്ധതികളുടെ ഇളവ് കാലയളവ് അവസാനിക്കുന്നതിലൂടെ അറുപതിനായിരം കോടി രൂപ സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. നിർമാണത്തിലിരിക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുമ്പോൾ 44000 കോടി രൂപയുടെ ടോൾ വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.
ദേശീയപാത, തുറമുഖം, റെയിൽവെ, ഉൗർജം, കൽക്കരി, മറ്റ് ഖനികൾ തുടങ്ങിയ മേഖലകളിലാണ് വ്യാപകമായ വിറ്റഴിക്കലിനും വാടകയിനത്തിൽ കൈമാറലിനും സാഹചര്യമൊരുങ്ങുന്നത്. ഇന്ത്യ ടൂറിസം ഡവല്‌മെന്റ് കോർപറേഷന്റെ (ഐടിഡിസി) 10 ഹോട്ടലുകൾ സ്വകാര്യ മേഖലയ്‌ക്ക് വിട്ടുകൊടുക്കും. ഡൽഹി അശോക ഹോട്ടൽ, ഹോട്ടൽ സാമ്രാട്ട് എന്നിവയടക്കമാണ് ഇതിൽ ഉൾപ്പെടുന്നത്. 1,200 കോടി രൂപയുടെ ധനസമാഹരണമാണ് ലക്ഷ്യമിടുന്നത്.










0 comments