വിജയ് മന്ത്രിസഭ വികസിപ്പിച്ചു, രണ്ടുസ്ഥാനം പിടിച്ചുവാങ്ങി പ്രതിപക്ഷ പിന്തുണയിൽ ജയിച്ചുകയറിയ കോൺഗ്രസും

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന ഏകകക്ഷി ഭരണത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാർ ആദ്യ മന്ത്രിസഭാ വികസനം പൂർത്തിയാക്കി. ഈ അവസരം മുതലാക്കി പ്രതിപക്ഷ സഖ്യത്തിന്റെ പിൻബലത്തിൽ ജയിച്ചു കയറിയ കോൺഗ്രസും രണ്ട് മന്ത്രി സ്ഥാനം സ്വന്തമാക്കി.
വ്യാഴാഴ്ച ചെന്നൈ ലോക ഭവനിൽ നടന്ന ചടങ്ങിൽ രണ്ട് കോൺഗ്രസ് എം എൽ എമാർ ഉൾപ്പെടെ 23 പുതിയ മന്ത്രിമാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ വികസനത്തോടെ വിജയ്‍യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ആകെ അംഗസംഖ്യ 33 ആയി ഉയർന്നു. മുഖ്യമന്ത്രി ഉൾപ്പെടെ 10 പേരായിരുന്നു മേയ് 10-ന് ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നത്.
മറുകണ്ടം ചാടി നേടിയ മന്ത്രിപദം
59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത്. 1967-ൽ സി എൻ അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡി എം കെ അധികാരം പിടിച്ചെടുത്തതിന് ശേഷം കോൺഗ്രസ് സംസ്ഥാന ഭരണത്തിൽ പച്ചതൊട്ടിട്ടില്ല.
കിളിയൂർ മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് എസ് രാജേഷ് കുമാർ, മേലൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച പി വിശ്വനാഥൻ എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. എഐസിസി അംഗീകാരത്തോടെയാണ് മറുകണ്ടം ചാടി നേടിയ മന്ത്രിപദം ഉറപ്പിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പിന്നീട് വിശദമാക്കുകയും ചെയ്തു.
ഡിഎംകെ നേതൃത്വം നൽകിയ മതേതര പുരോഗമന സഖ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ഇത്തവണ മത്സരിച്ച് 5 സീറ്റുകൾ നേടിയെടുത്തത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ടിവികെക്ക് കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ടായതോടെ കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ട് വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യമര്യാദയും രാഷ്ട്രീയ ധാർമ്മികതയും കാറ്റിൽപ്പറത്തി, അധികാര വിലപേശലിലൂടെയാണ് കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ നേടിയതെന്ന ശക്തമായ വിമർശനം ഡിഎംകെ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
സംശയിച്ച് വിസികെ, ഐയുഎംഎൽ കക്ഷികൾ
കോൺഗ്രസിന് പുറമെ സഖ്യകക്ഷികളായ വിടുതലൈ ചിരുതൈഗൾ കക്ഷി (VCK), ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (IUML) എന്നീ പാർട്ടികളെയും മന്ത്രിസഭയിലേക്ക് വിജയ് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഇരുപാര്‍ടികളം രാഷ്ട്രീയ മര്യാദയും വിമര്‍ശനങ്ങളും സംശയിച്ച് പുറത്ത് നിൽക്കയാണ്. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.











0 comments