തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നു
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് മതനിരപേക്ഷ പുരോഗമന സഖ്യത്തിലെ പ്രധാന കക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ ശനിയാഴ്ചയാണ് പട്ടിക പ്രഖ്യാപിച്ചത്. പ്രമുഖ നേതാക്കളെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ശക്തമായ നിരയെയാണ് പാർടി മത്സരരംഗത്തിറക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്റെ സിറ്റിംഗ് സീറ്റായ കൊളത്തൂരിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. നാലാം തവണയാണ് സ്റ്റാലിൽ കൊളത്തൂരിൽ നിന്നും ജനവിധി തേടുന്നത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്-ട്രിപ്ലിക്കേൻ മണ്ഡലത്തിൽ നിന്നും മത്സരിക്കും. ബോഡിനായക്കനൂർ സീറ്റിൽ മുൻ മുഖ്യമന്ത്രി ഒ പനീർശെൽവവും മുൻ മന്ത്രി സെന്തിൽ ബാലാജി കോയമ്പത്തൂർ സൗത്തിലും മത്സരിക്കും. ഡിഎംകെ 2.0 വരുമെന്നും സ്ഥാനാഥികളെല്ലാം ജനങ്ങളുടടെ മനസിൽ ഇപ്പോഴെ വിജയിച്ചുകഴിഞ്ഞുവെന്നും സ്റ്റാലിൽ പറഞ്ഞു.
ഐടി മന്ത്രി പളനിവേൽ ത്യാഗ രാജൻ മധുര സെൻട്രൽ അസംബ്ലി മണ്ഡലത്തിൽ നിന്നും ധനമന്ത്രി തങ്കം തെന്നരസ് വിരുദുനഗർ ജില്ലയിലെ തിരുച്ചുളി നിയമസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. മന്ത്രിമാരായ ദുരൈ മുരുകൻ (ഡിഎംകെ ജനറൽ സെക്രട്ടറി), കെ എൻ നെഹ്‌റു, അൻബിൽ മഹേഷ് പൊയ്യമൊഴി, തങ്കം തെന്നരശു, എം സുബ്രഹ്മണ്യൻ, ഇ വി വേലു എന്നിവർ ഇത്തവണ സിറ്റിംഗ് സീറ്റുകളിൽ മത്സരക്കും.
60ലധികം പുതുമുഖങ്ങളെയാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കാലതാമസമില്ലെന്നും സഖ്യകക്ഷികളുമായി ക്ഷമയോടെ ചർച്ച നടത്താൻ സമയം ആവശ്യമാണെന്നും പാർടി ആസ്ഥാനമായ അണ്ണ അറിവാലയത്തിൽ നടന്ന പത്രസമ്മേളനത്തിൽ സ്റ്റാലിൻ പറഞ്ഞു.
സീറ്റ് വിഭജനം ഇങ്ങനെ:
ആകെ 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിൽ 164 സീറ്റുകളിലാണ് ഡിഎംകെ നേരിട്ട് മത്സരിക്കുന്നത്. സഖ്യകക്ഷികൾക്കുള്ള സീറ്റുകളടെ ക്രമീകരണം:
കോൺഗ്രസ്: 28 സീറ്റുകൾ
ഡിഎംഡികെ: 10 സീറ്റുകൾ
വിസികെ: 8 സീറ്റുകൾ
സിപിഐ & സിപിഐ(എം): 5 സീറ്റുകൾ വീതം
മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാവുന്നത്. ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ.











0 comments