print edition ചിഹ്നം മരവിപ്പിക്കലിനെതിരെ മമത സുപ്രീംകോടതിയിൽ

മമതാ ബാനർജി
ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ മമതാ ബാനർജി സുപ്രീംകോടതിയിൽ. തെരഞ്ഞെടുപ്പ് കമീഷനെയും തൃണമൂൽ കോൺഗ്രസ് വിമതവിഭാഗം നേതാവ് ഋതബ്രത ബാനർജിയെയും എതിർകക്ഷികളാക്കി ഹർജി നൽകി.
തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങളും പാർടി പേരിനും ചിഹ്നത്തിനും വേണ്ടി അവകാശവാദം ഉന്നയിച്ചതോടെ പാർടി പേരും ചിഹ്നവും മരവിപ്പിച്ച് കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇടക്കാല ഉത്തരവിറക്കിയത്. നിലവിലുള്ള സംഘടനാചട്ടക്കൂട് സൂക്ഷ്‌മമായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് മമതയുടെ ആരോപണം.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യതാനടപടികൾ നേരിടുന്ന വിമത എംഎൽഎമാരുടെ വാദം തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചത് ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. കൂറുമാറിയ 10 എംഎൽഎമാർക്ക് എതിരെ അയോഗ്യതാ നടപടി തുടങ്ങുന്നതിൽ പശ്‌ചിബംഗാൾ നിയമസഭാ സ്‌പീക്കർ കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ച് മറ്റൊരു ഹർജിയും മമത ഫയൽ ചെയ്‌തു. ഭൂരിപക്ഷം എംപിമാരുടെയും എംഎൽഎമാരുടെയും പിന്തുണയുണ്ടെന്നാണ് ഋതബ്രത ബാനർജി വിഭാഗത്തിന്റെ അവകാശവാദം.
റജിനഗറിൽ യു ടേൺ അടിച്ച് തൃണമൂൽ സ്ഥാനാർഥി
പശ്ചിമ ബംഗാൾ റജിനഗറിലെ ഉപതെരഞ്ഞെടുപ്പിൽ മമതാ വിഭാഗം തൃണമൂൽ സ്ഥാനാർഥി റബിയുൽ ഇസ്ലാം പത്രിക പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി. ശനി രാവിലെ പത്രിക പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച റബിയുൽ മമതയുടെ അഭ്യർഥനപ്രകാരം മണിക്കൂറുകൾക്കകം നിലപാട് മാറ്റുകയായിരുന്നു.
പാർടിയുടെ പുതിയ ചിഹ്നം വോട്ടർമാരിലേക്കെത്തിക്കാനുള്ള സമയക്കുറവും പ്രവർത്തകർ നേരിടുന്ന പീഡനങ്ങളുമാണ് പത്രിക പിൻവലിക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. നേതാക്കളുൾപ്പെടെ വ്യാപകമായി അറസ്റ്റിലാകുന്നതുകാരണം പ്രചാരണ രംഗത്ത് ആളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒക്‌ടോബർ ആറിനാണ് വോട്ടെടുപ്പ്. ഒമ്പതിന് വോട്ടെണ്ണും.
മിലൻ പ്രധാൻ റിമാൻഡിൽ
നന്ദിഗ്രാം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ ഒക്ടോബർ മൂന്നുവരെ റിമാൻഡ് ചെയ്തു. 2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ സമരവുമായി ബന്ധപ്പെട്ട് കലാപം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവയാണ് കേസ്. ഖേജൂരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മറ്റൊരു കേസിലെ വാറന്റുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കൊണ്ടായ് കോടതിയിൽ ഹാജരാക്കും.
19 വർഷമായി മിലൻ പ്രധാൻ ഒളിവിലായിരുന്നുവെന്നും കണ്ടെത്താനാകാത്തതിനാലാണ് അറസ്റ്റ് വൈകിയതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. നന്ദിഗ്രാമിൽ കോൺഗ്രസിനെ പിന്തുണയ്‌ക്കുമെന്ന് മമതാ ബാനർജി അറിയിച്ചതിന് മണിക്കൂറുകൾക്കകമാണ് അറസ്റ്റുണ്ടായത്.










0 comments