തിരുപ്പതി അപകടം: ഗുരുതര വീഴ്ച; ഗേറ്റ് തുറന്നത് മുന്നൊരുക്കങ്ങളില്ലാതെ

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിക്കാനിടയായത് കൃത്യമായ തയാറെടുപ്പുകളില്ലാത്തതിനാലെന്ന് റിപ്പോർട്ട്. ഗേറ്റ് തുറക്കുമ്പോൾ തിരക്ക് നിയന്ത്രിക്കാൻ കുറച്ച് പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടായിരുന്നത്. വരിയിൽ നിന്ന ആളുകൾ കൂട്ടമായി മുന്നോട്ട് കുതിച്ചതോടെ ഇവർക്ക് നിയന്ത്രിക്കാനായില്ലെന്നും അതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണമായതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ദർശനത്തിനുള്ള ടോക്കൺ വിതരണം ക്രമരഹിതമായിരുന്നെന്നും ആരോപണമുണ്ട്.
തിരുപ്പതി ക്ഷേത്രത്തിൽ വൈകുണ്ഠ ദ്വാര ദർശനത്തിന് എത്തിയവരാണ് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. നാളെ ആണ് വൈകുണ്ഠ ഏകാദശി. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമായത് കൊണ്ട് തന്നെ വൻ തീർഥാടകത്തിരക്ക് ഉണ്ടായിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിക്കായിരുന്നു ടോക്കൺ വിതരണം ചെയ്യേണ്ടിയിരുന്നത്. ഇതിനായി ഇന്നലെ രാവിലെ മുതൽ ക്യു ആരംഭിച്ചു. ഒൻപത് കൗണ്ടറുകളാണ് ക്ഷേത്രത്തിൽ സജ്ജീകരിച്ചിരുന്നത്. പല ക്യൂകളിലും 5000തിൽ അധികം പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടൻ ഭക്തർ തിക്കി തിരക്കി അകത്തേക്ക് കയറുകയായിരുന്നു.
തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസും ക്ഷേത്ര സമിതിയും പരാജയപ്പെട്ടെന്നാണ് ഭക്തരുടെ ആരോപണം. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളിൽ എത്തിച്ചു. മരിച്ച ആറ് പേരിൽ അഞ്ച് പേരും സ്ത്രീകളാണ്. ലാവണ്യ സ്വാതി, ശാന്തി, മല്ലിക, രജനി, രാജേശ്വരി, നായിഡു ബാബു എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.










0 comments