ജൻ ഔഷധിയില്‍ മരുന്നു ക്ഷാമം; അവശ്യ മരുന്നുകള്‍ പോലും സ്റ്റോക്കില്ല

തിരുവനന്തപുരം : കേന്ദ്ര സർക്കാർ ആരംഭിച്ച ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിൽ അവശ്യ മരുന്നുകള്‍ പോലും കിട്ടാനില്ല. കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് മരുന്ന് ലഭ്യമാക്കുമെന്ന വാദമുയർത്തി ആരംഭിച്ച മെഡിക്കല്‍ സ്റ്റോറുകളിലാണ് കടുത്ത മരുന്ന് ക്ഷാമം നേരിടുന്നത്. കേന്ദ്രത്തിന്‍റെ പല വാഗ്ദാനങ്ങള്‍ പോലെ ഇതും പാഴ്‌വാക്കായി.
മരുന്ന് വാങ്ങാനെത്തുന്ന രോഗികളെ സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഫാർമസിസ്റ്റുകൾ തിരിച്ചയക്കുകയാണ്. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം, വൃക്ക രോഗങ്ങൾ, ആസ്മ, ജീവിത ശൈലീ രോഗങ്ങൾ തുടങ്ങി മുപ്പതിലേറെ മരുന്നുകൾ ജൻ ഔഷധിയിൽ നിന്ന് ലഭിക്കുന്നില്ല. മാസങ്ങളായി പല ജന്‍ ഔഷധി സ്റ്റോറുകളിലും മരുന്ന് ക്ഷാമമുള്ളതായി പരാതിയുണ്ട്. ജൻ ഔഷധി മരുന്നുകളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെയാണ് മരുന്ന് ക്ഷാമവും റിപ്പോർട്ട് ചെയ്യുന്നത്. മരുന്ന് നൽകിയ വകയിൽ കിട്ടാനുള്ള കുടിശ്ശിക തീർത്ത ശേഷമേ ഇനി മരുന്നുകൾ നൽകൂവെന്നാണ് കമ്പനികളുടെ തീരുമാനം. സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് മരുന്നെത്താറില്ലെന്നും ഓർഡർ ചെയ്താൽ മാസങ്ങൾ കഴിഞ്ഞാലാണ് മരുന്ന് എത്തുന്നതെന്നും ഫാര്‍മസിസ്റ്റുകള്‍ പറയുന്നു.
തുടക്കം മുതൽ പാളിച്ച
ഫാർമസ്യൂട്ടിക്കൽസ് ആന്റ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (PMBI) ആണ് ജൻ ഔഷധി പദ്ധതിയുടെ ഔദ്യോഗിക നിർവഹണ ഏജൻസി. ബ്രാൻഡഡ് മരുന്നുകളുടെ അതേ ഗുണനിലവാരമുള്ള മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രഖ്യാപനം. നാപ്കിൻ, ഗ്ലൗസ്, ബ്ലഡ്ബാഗ്, ഇഞ്ചക്ഷൻ സൂചി തുടങ്ങിയ സർജിക്കൽ ഉപകരണങ്ങൾക്കും വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, തുടക്കം മുതൽ തന്നെ ജൻ ഔഷധി പദ്ധതി പാളിയിരുന്നു. മരുന്നുകളുടെ ലഭ്യതക്കുറവ്, വിലകൂടിയ ബ്രാൻഡഡ് മരുന്നുകളുടെ വിൽപ്പന തുടങ്ങി വ്യാപകമായ പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിരവധി ജൻ ഔഷധി സ്റ്റോറുകളുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങിയിരുന്നു. 2017 ൽ മരുന്ന് സമയത്ത് കിട്ടാത്തതും താങ്ങാനാവാത്ത നടത്തിപ്പ് ചെലവും കാരണം ജൻ ഔഷധി സ്റ്റോറുകളിൽ പകുതിയിലധികവും പ്രവർത്തനരഹിതമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ജൻ ഔഷധി സ്റ്റോറുകൾ വഴി ജനറിക് മരുന്നുകൾ മാത്രമേ വിൽക്കാവൂ എന്ന കരാർ ലംഘിച്ച് ചില ഉടമകൾ വിലകൂടിയ ബ്രാൻഡഡ് മരുന്നുകൾ വിറ്റതായി കണ്ടെത്തി.
സുവിധയും നിലച്ചു
ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ വഴി കേന്ദ്രസർക്കാർ വിതരണം ചെയ്തിരുന്ന സുവിധ സാനിറ്ററി പാഡുകൾ മാസങ്ങളായി ലഭിക്കുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ആർത്തവശുചിത്വം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ജൻ ഔഷധി ആരംഭിച്ചതാണ് സുവിധ പാഡ്. 2018 മെയ് മുതൽ ഇത് വിൽപ്പന നടത്തിയിരുന്നു.
പദ്ധതി ആരംഭിച്ച സമയത്ത് ഒരു രൂപ ആയിരുന്നെങ്കിലും പിന്നീട് പത്ത് രൂപയായി ഉയർത്തി. എന്നാൽ, മാസങ്ങളായി ജൻ ഔഷധി കേന്ദ്രങ്ങൾ വഴി പാഡുകൾ ലഭിക്കുന്നില്ലെന്നാണ് പരാതി. മുമ്പും വിൽപ്പന പലതവണ മുടങ്ങിയിരുന്നു. മുമ്പ് 500 പാക്കറ്റുകൾ ലഭിച്ചിരുന്നിടത്ത് നിലവിൽ 50 പാക്കറ്റുകൾ മാത്രമേ വിൽപ്പനയ്ക്കായി എത്തുന്നുള്ളൂ. അതും കൃത്യമായി ലഭിക്കുന്നിലാലയെന്നാണ് നടത്തിപ്പുകാർ പറയുന്നത്. പദ്ധതിയുടെ ഭാഗമായി സുഗം ആപ് വഴി ജൻഔഷധി കേന്ദ്രങ്ങളിൽ പാഡുകൾ സ്റ്റോക്ക് ഉണ്ടോ എന്ന് അറിയാനുള്ള സംവിധാനവും ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ആപ്പും പ്രവർത്തനരഹിതമാണ്.
വിപണന ലോബികളുടെ സമ്മർദം
ജൻ ഔഷധികളുടെ മറവിൽ വിപണന ലോബികൾക്ക് തഴച്ചുവളരാനുള്ള അവസരമൊരുക്കി കൊടുക്കുകയാണെന്ന പരാതിയും ഉയരുന്നുണ്ട്.
കുറഞ്ഞ വിലയ്ക്ക് ജനറിക് മരുന്നുകൾ നൽകേണ്ട സ്റ്റോറുകളിൽ വൻകിട കമ്പനികളുടെ വിലകൂടിയ ബ്രാൻഡഡ് മരുന്നുകൾ വിറ്റഴിക്കാൻ ചില വിപണന ലോബികൾ സമ്മർദ്ദം ചെലുത്തുന്നു. വിലക്കുറവിൽ ലഭിക്കുന്ന മരുന്നുകൾ യാഥാർത്ഥ ഗുണഭോക്താക്കൾക്ക് നൽകാതെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ മുഖേനെ കൂടിയ വിലയ്ക്ക് വിറ്റഴിക്കുന്നുവെന്നാണ് ആക്ഷേപം.
മരുന്നുകൾ ലഭിക്കാതായതോടെ ജൻ ഔഷധികളെ വിശ്വസിച്ചെത്തുന്ന സാധാരണക്കാർക്ക് ചികിത്സാച്ചെലവ് വർധിക്കുകയാണ്. ജൻ ഔഷധികളിലെ വിറ്റുവരവും കുറയുന്നു. സാമ്പത്തിക നഷ്ടം കാരണം പല സ്റ്റോറുകളുടെയും പ്രവർത്തനം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് നടത്തിപ്പുക്കാർ.









0 comments