സതീശന്റെ കണക്കുകളെല്ലാം കള്ളം; യാഥാര്‍ത്ഥ്യം ഇങ്ങനെ

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ 787 പേരുണ്ടായിരുന്നുവെന്ന ആരോപണത്തിൽ മറുപടി പറയാതെ ഉരുണ്ടുകളി തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പേരുകൾ പുറത്തുവിടുമെന്നത് മുഖ്യമന്ത്രിയുടെ വെല്ലുവിളിയായി മാത്രം അവസാനിച്ചു. പേഴ്സണൽ സ്റ്റാഫ് 787 എന്നതിൽ ഉറച്ചുനിൽക്കുന്നു എന്നുമാത്രം പറഞ്ഞ് കൈകഴുകാനാണ് ശ്രമം.
2021ലെ എൽഡിഎഫ് മന്ത്രിസഭയിൽ 21 പേരായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലായി അഞ്ചുമന്ത്രിമാർ രാജിവയ്‌ക്കുകയും നാലുപേർ വരികയും ഒരുമന്ത്രി രാജിവച്ചശേഷം തിരികെവരികയും ചെയ്‌തു. എം വി ഗോവിന്ദൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് രാജിവച്ചപ്പോൾ എം ബി രാജേഷ് മന്ത്രിയായി. 24 പേരായിരുന്നു സ്റ്റാഫ്. സജി ചെറിയാൻ രാജിവച്ചപ്പോൾ സ്റ്റാഫിലെ 25ൽ 22 പേരെയും മറ്റ് മന്ത്രിമാരുടെ ഓഫീസിലേക്ക് മാറ്റി. വീണ്ടും മന്ത്രിയായപ്പോൾ നേരത്തെയുണ്ടായിരുന്ന 25 പേരെയും തിരിച്ചെടുത്തു. കെ രാധാകൃഷ്‌ണൻ എംപിയായതോടെ സ്റ്റാഫിലെ 23ൽ 21 പേരെ പുതിയ മന്ത്രിയായ ഒ ആർ കേളുവിന്റെ സ്റ്റാഫിൽ ഉൾപ്പെടുത്തി. ആന്റണി രാജു രണ്ടരവർഷം പൂർത്തിയായി രാജിവച്ചപ്പോൾ സ്റ്റാഫിലെ 24പേരും ഒഴിവായി. പകരം കെ ബി ഗണേഷ്‌കുമാർ മന്ത്രിയായപ്പോൾ അംഗസംഖ്യയിൽ മാറ്റം വരുത്താതെ 24 പേരെ നിയമിച്ചു.
അഹമ്മദ് ദേവർകോവിൽ രാജിവച്ചപ്പോൾ സ്റ്റാഫിലെ 25 പേരും ഒഴിവായി. പകരം രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിയായപ്പോൾ 20 പേരെ മാത്രമാണ് നിയമിച്ചത്. മുഖ്യമന്ത്രി ഒഴികെ മറ്റുള്ളവർക്ക് പരമാവധി സ്റ്റാഫ് 25 ആയി എൽഡിഎഫ് നിശ്ചയിച്ചിരുന്നു. എങ്ങനെയായാലും സതീശന്റെ 787 എന്ന കണക്ക് ശരിയാകില്ല. ചീഫ് വിപ്പിനും പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനും 25 പേർ വീതമുണ്ടായിരുന്നു. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിൽ റെക്കോഡിട്ടത് 2011–16ലെ ഉമ്മൻചാണ്ടി സർക്കാരാണ്. 623 പേരെയാണ് നിയമിച്ചത്.
പേഴ്‌സണൽ സ്റ്റാഫ് അംഗസംഖ്യ
1. പിണറായി വിജയൻ: 32
2. കെ രാജൻ: 25
3. റോഷി അഗസ്റ്റിൻ: 22
4. എ കെ ശശീന്ദ്രൻ: 25
5. കെ കൃഷ്ണൻകുട്ടി: 25
6. എം ബി രാജേഷ്: 24
7. കെ എൻ ബാലഗോപാൽ: 25
8. പി രാജീവ്: 23
9. സജി ചെറിയാൻ: 25
10. പി എ മുഹമ്മദ് റിയാസ്: 24
11. വി എൻ വാസവൻ: 24
12. വി ശിവൻകുട്ടി: 25
13. ആർ ബിന്ദു: 23
14. ഒ ആർ കേളു: 25
15. വീണാ ജോർജ്: 25
16. വി അബ്ദുറഹിമാൻ:- 25
17. ജി ആർ അനിൽ: 25
18. ജെ ചിഞ്ചുറാണി: 25
19. പി പ്രസാദ്: 25
20. രാമചന്ദ്രൻ കടന്നപ്പള്ളി: 20
21. കെ ബി ഗണേഷ്‌കുമാർ: 24









0 comments