“അപകീർത്തി ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചു” സുപ്രീം കോടതി

ന്യൂഡൽഹി: അപകീർത്തി ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അഭിപ്രായപ്പെട്ടു.
ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) പ്രൊഫസർ അമിത സിംഗ് സമർപ്പിച്ച മാനനഷ്ടക്കേസിൽ ഓൺലൈൻ വാർത്താ പോർട്ടലായ ദി വയറിന് അയച്ച സമൻസ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എം എം സുന്ദരേഷും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ചാണ് പരാമർശം നടത്തിയത്.
"ഇതെല്ലാം കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു..." എന്ന് ജസ്റ്റിസ് സുന്ദരേഷ് അഭിപ്രായപ്പെട്ടു. വാർത്താ പോർട്ടലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയുടെ നിരീക്ഷണത്തോട് യോജിച്ചു.
അപകീർത്തി കുറ്റം ആരോപിച്ചുള്ള കേസിനെതിരെ ദി വയർ നടത്തുന്ന ഫൗണ്ടേഷൻ ഫോർ ഇൻഡിപെൻഡന്റ് ജേണലിസം സമർപ്പിച്ച ഹർജിയിൽ കോടതി അമിത സിംഗിന് നോട്ടീസ് അയച്ചു. അപകീർത്തി ക്രിമിനൽ വിഭാഗത്തിൽ പരിഗണിക്കപ്പെടുന്നതിന് എതിരായ നിരീക്ഷണം നടത്തിയ കോടതി, വ്യക്തിയുടെ കീർത്തിക്കുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനും അന്തസ്സിനുമുള്ള മൗലികാവകാശത്തിന് കീഴിലാണെന്ന നിരീക്ഷണവും മുന്നോട്ട് വെച്ചിരുന്നു.
"I think the time has come to decriminalise all this," Justice Sundresh
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 356 അപകീർത്തി ക്രിമിനൽ കുറ്റമാക്കുന്നു. അപകീർത്തിയെക്കുറിച്ചുള്ള മുൻ വ്യവസ്ഥയായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 499 നെയാണ് സെക്ഷൻ ആണ് 356 ആയി പരിവർത്തിപ്പിച്ചത്. 2016-ൽ സുബ്രഹ്മണ്യൻ സ്വാമി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ക്രിമിനൽ അപകീർത്തിയുടെ ഭരണഘടനാ സാധുത സുപ്രീം കോടതി ശരിവെച്ചിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി പുതിയ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നതാണ് തിങ്കളാഴ്ച കോടതി നടത്തിയ പരാമർശം.
അപകീർത്തി ക്രിമിനൽ കുറ്റമായ ചുരുക്കം ചില ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മിക്ക നിയമ സംഹിതകളും ഐപിസിയിലെ സെക്ഷൻ 499-ന്റെ പരിധിയിൽ വരുന്ന പരാതികൾക്ക് സിവിൽ കേസുകളുടെ സാധുത മാത്രമേ നൽകുന്നുള്ളൂ.
കേസിന്റെ പശ്ചാത്തലം
ജെഎൻയുവിനെ "ജവഹർലാൽ നെഹ്‌റു സർവകലാശാല: വിഘടനവാദത്തിന്റെയും ഭീകരതയുടെയും കേന്ദ്രം" എന്ന് വിശേഷിപ്പിച്ച് 200 പേജുള്ള ലഘുലേഖ പ്രസിദ്ധപ്പെടുത്തിയ ജെഎൻയു അധ്യാപകരുടെ സംഘത്തിന്റെ തലവനായിരുന്നു പ്രൊഫസർ അമിത സിംഗ് എന്ന് ദി വയർ വാർത്ത നൽകിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ വിഭാഗീയ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയർത്താറുള്ള രാജ്യത്തെ ഏറ്റവും സജീവമായ കലാശാലകളിൽ ഒന്നാണ് ജെ എൻ യു. അകത്ത് നിന്നുള്ളവർ തന്നെ കലാശാലയ്ക്ക് എതിരെ വിഷം നിറച്ച ഒരു പ്രചാരണത്തിന് നേതൃത്വം നൽകിയത് വയർ പുറത്ത് കൊണ്ടുവന്നു.
2016 ൽ ദി വയറിനും അതിന്റെ റിപ്പോർട്ടർക്കുമെതിരെ സിംഗ് ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 2017 ഫെബ്രുവരിയിൽ ഒരു മജിസ്‌ട്രേറ്റ് കോടതി പോർട്ടലിന് സമൻസ് അയച്ചിരുന്നു. കഴിഞ്ഞ വർഷം സുപ്രീം കോടതി സമൻസ് തള്ളുകയും വാർത്താ ലേഖനം പരിശോധിച്ച ശേഷം സമൻസ് അയയ്ക്കുന്നതിൽ പുതിയ തീരുമാനം എടുക്കാൻ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഈ വർഷം ജനുവരിയിൽ പുതിയ പരാതി ഉയർത്തി. ന്യൂസ് പോർട്ടലിനും അതിന്റെ രാഷ്ട്രീയകാര്യ എഡിറ്റർ അജോയ് ആശിർവാദ് മഹാപ്രശസ്തയ്ക്കും മജിസ്‌ട്രേറ്റ് വീണ്ടും സമൻസ് അയച്ചു. മെയ് 7 ന് ഡൽഹി ഹൈക്കോടതി ഇത് ശരിവച്ചു. ഈ കേസാണ് സുപ്രീം കോടതി ഇപ്പോൾ പരിശോധിക്കുന്നത്.
കേസ് പരിഗണിക്കുന്നത് തുടരുന്നതിനെതിരെ കോടതി തുടക്കത്തിൽ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. "ഇത് എത്രനാൾ നിങ്ങൾ വലിച്ചിഴയ്ക്കും?" എന്ന് ചോദിച്ചു.
ഇന്ത്യ, യുഎസ്, യുകെ തുടങ്ങിയ വലിയ ജനാധിപത്യ രാജ്യങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 160 ഓളം രാജ്യങ്ങളിൽ വ്യത്യസ്ത രൂപത്തിൽ അപകീർത്തി നിയമങ്ങൾ നിലവിലുണ്ട്.
ആഫ്രിക്കയിലെ 47 രാജ്യങ്ങളിൽ 39 എണ്ണത്തിലും, ഏഷ്യയിലെയും പസഫിക്കിലെയും 44 രാജ്യങ്ങളിൽ 38 എണ്ണത്തിലും, മധ്യ, കിഴക്കൻ യൂറോപ്പിലെ 25 ൽ 15 എണ്ണത്തിലും, 33 ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങളിൽ 29 എണ്ണത്തിലും, പടിഞ്ഞാറൻ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 25 ൽ 20 എണ്ണത്തിലും അപകീർത്തിപ്പെടുത്തൽ കുറ്റമാണ് എന്ന് 2022 ൽ യുനെസ്കോ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം റിപ്പോർട് ചെയ്യപ്പെടുന്നു. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ഇത് ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടുന്നു എന്നതാണ് വിധി ചർച്ചചയിൽ കൊണ്ടുവരുന്നത്.









0 comments