ad
Deshabhimani

ഷി ജിൻപിങിനെതിരെ പ്രതിഷേധം; ഡൽഹിയിൽ അഞ്ച് പേർ കസ്റ്റഡിയിൽ

Xi Jinpin Protest

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ സന്ദർശനത്തിനെതിരെ ന്യൂഡൽഹിയിൽ ടിബറ്റൻ സമൂഹത്തിലെ അംഗങ്ങൾ പ്രതിഷേധ മാർച്ച് നടത്തുന്നു | Photo : The Hindu

വെബ് ഡെസ്ക്

Published on Sep 11, 2026, 10:52 PM | 1 min read

ന്യൂഡൽഹി : ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തുന്നതിൽ പ്രതിഷേധിച്ച് ടിബറ്റൻ അനുകൂല മുദ്രാവാക്യം വിളിച്ച 5 പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിന് സമീപമാണ് സംഭവം. സെപ്റ്റംബർ 12, 13 തീയതികളിലാണ് ഭാരത് മണ്ഡപത്തിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.


വെള്ളിയാഴ്ച രാവിലെ 7.30യോടെ ഭാരത് മണ്ഡപത്തിന് സമീപമുള്ള അടിപ്പാതയിലെ തൂണുകളിൽ കയറി സ്റ്റുഡന്റ്സ് ഫോർ ഫ്രീ ടിബറ്റ് എന്ന സംഘടനയുടെ മൂന്ന് പേരാണ് പ്രതിഷേധമുയർത്തിയത്. ടിബറ്റൻ പതാകകൾ വീശി ഇവർ ഷി ജിൻപിങ് = വംശഹത്യ എന്നിങ്ങനെ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകൾ ഉയർത്തി. കസ്റ്റഡിയിലെടുത്തവരെ സെപ്റ്റംബർ 14 വരെ കരുതൽ തടങ്കലിലാക്കി തിഹാർ ജയിലിലേക്ക് മാറ്റി.


കർമ ഡോൽമ (24), ടെൻസിൻ നോർഡൺ (23), ടെൻസിൻ ത്സെഫാൽ (26) എന്നിവരാണ് പ്രതിഷേധിച്ചത്. ഇവരെ കൂടാതെ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പകർത്തിയെന്നാരോപിച്ച് ഹർഷിത് എന്ന വിദ്യാർഥിയെയും ടിബറ്റ് റേഡിയോയിലെ മാധ്യമപ്രവർത്തകനായ കസാങ്ങിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഷി ജിൻപിങ്ങിന്റെ സന്ദർശനത്തിനെതിരെ വെള്ളിയാഴ്ച വടക്കൻ ഡൽഹിയിലെ മജ്‌നു കാ തിലയിലും പ്രതിഷേധം നടന്നിരുന്നു. ടിബറ്റൻ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രതിഷേധത്തിൽ ഡൽഹി, കർണാടക, ഒഡീഷ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ടിബറ്റ് വംശജർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home