ad
Deshabhimani

സെപ്‌തംബർ 11ൽനിന്ന്‌ ഇറാനിലെത്തിയ 
അമേരിക്ക

america and iran
വെബ് ഡെസ്ക്

Published on Sep 12, 2026, 12:15 AM | 2 min read

അമേരിക്കൻ ഐക്യനാടുകൾ എന്ന രാഷ്‌ട്രത്തിന്റെ പിറവിക്ക്‌ രണ്ടരനൂറ്റാണ്ട്‌ തികയുന്ന സന്ദർഭത്തിൽ, ബൃഹത്തായൊരു യുദ്ധത്തിന്റെ ഉ‍ൗരാക്കുടുക്കിൽനിന്ന്‌ തലയൂരാൻ കഴിയാതെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ വലയുന്പോൾത്തന്നെയാണ്‌ 9/11 ഭീകരാക്രമണത്തിന്‌ കാൽനൂറ്റാണ്ട്‌ തികയുന്നത്‌. 2001 സെപ്തംബർ 11-ന് അമേരിക്കയിലെ ന്യൂയോർക്കിലെ വേൾഡ്‌ ട്രേഡ്‌ സെന്ററിനും വാഷിങ്‌ടണിലെ പെന്റഗൺ ആസ്ഥാനത്തിനും നേരെ അൽ ഖായ്‌ദ സംഘടിപ്പിച്ച ഭീകരാക്രമണമാണ്‌ 9/11 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്‌. മൂവായിരത്തോളംപേർ കൊല്ലപ്പെട്ട ഇ‍ൗ സംഭവം വെറും ഭീകരാക്രമണം എന്ന നിലയിൽ ഒതുങ്ങുന്നില്ല. നാല്‌ വിമാനങ്ങൾ തട്ടിയെടുത്ത്‌ ഭീകരർ നടത്തിയ ആക്രമണശേഷം അമേരിക്ക സ്വീകരിച്ച സൈനിക,‍ രാഷ്‌ട്രീയ നടപടികൾ ആധുനിക ലോകത്തിന്റെ ഭ‍ൗമരാഷ്‌ട്രീയത്തിൽ സൃഷ്‌ടിച്ച ആഘാതങ്ങളും വിവരണാതീതമാണ്‌. സഹസ്രാബ്‌ദങ്ങളായി ആ ഭൂവിഭാഗത്തിൽ അധിവസിച്ചിരുന്ന ആദിമനിവാസികളുടെ ചരിത്രവും സംസ്‌കാരവും തുടച്ചുനീക്കി ആ ജനതയെത്തന്നെ നിഷ്‌കാസിതമാക്കിയാണ്‌ വെള്ളക്കാർ അമേരിക്കയിൽ ആധിപത്യമുറപ്പിക്കുന്നത്‌. ആ രാജ്യം 250 വർഷങ്ങൾ പിന്നിടുന്നു എന്നാൽ ചെറുതും വലുതുമായ അധിനിവേശത്തിന്റെ രണ്ടരനൂറ്റാണ്ട്‌ പിന്നിടുന്നു എന്നുതന്നെയാണ്‌ അർഥം.അവർ തങ്ങളുടെ സാമ്രാജ്യ വിപുലീകരണത്തിന്‌ പലതവണ യുദ്ധങ്ങളെ ആശ്രയിച്ചിട്ടുണ്ട്‌. ഇപ്പോഴും നിലയ്ക്കാത്ത പശ്ചിമേഷ്യ സംഘർഷംവരെ എത്തിനിൽക്കുന്നു അമേരിക്കയുടെ അധിനിവേശയുദ്ധങ്ങൾ. അമേരിക്ക ഓരോ രാജ്യത്തും ഇടപെട്ട്‌ നടത്തിയ അട്ടിമറികൾക്കും സൈനികനടപടികൾക്കും പിന്നിൽ തങ്ങളുടെ പാവസർക്കാരുകളെ അവിടങ്ങളിൽ അവരോധിക്കുക എന്ന ലക്ഷ്യംമാത്രമല്ല ഉണ്ടായിരുന്നത്‌. അന്നാട്ടിലെ പ്രകൃതിവിഭവങ്ങൾ കൈക്കലാക്കുക എന്ന സാന്പത്തികതാൽപ്പര്യംകൂടി ഉണ്ടായിരുന്നു.

അങ്ങനെയൊരു രാജ്യത്തിന്‌ 9/11ന്റെ ഭീകരാക്രമണം ഒരു തുറന്ന അവസരമായിരുന്നു. അതിനുശേഷം അമേരിക്ക സ്വീകരിച്ച രാഷ്ട്രീയ -സൈനിക നടപടികൾ ലോകശക്തികളുടെ സന്തുലിതാവസ്ഥയെയും അന്താരാഷ്ട്ര നിയമക്രമത്തെയും പശ്ചിമേഷ്യയുടെ രാഷ്‌ട്രീയഭൂപടത്തെയും പൗരസ്വാതന്ത്ര്യങ്ങളെയും യുദ്ധത്തിന്റെ സ്വഭാവത്തെയും മാറ്റിമറിച്ചു എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. സോവിയറ്റ്‌ യൂണിയന്റെ ശൈഥില്യവും കിഴക്കൻ യൂറോപ്പ്‌ ഉൾപ്പെട്ട സോഷ്യലിസ്‌റ്റ്‌ ചേരിയുടെ തകർച്ചയും സൃഷ്‌ടിച്ച ഏകധ്രുവ ലോകക്രമത്തിൽ അമേരിക്ക മഹാശക്തിയായി വളർന്നതിന്റെ പ്രത്യാഘാതംകൂടിയായിരുന്നു ഗ്ലോബൽ വാർ ഓൺ ടെറർ അഥവാ ഭീകരതയ്ക്കെതിരായ യുദ്ധം എന്ന പേരിൽ അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ യുദ്ധം. അഫ്‌ഗാനിസ്ഥാനിൽ നജീബുള്ള നയിച്ച ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക വളർത്തിയ താലിബാനെപ്പോലുള്ള തീവ്രവാദിസംഘടനകൾ അവിടെ ശക്തിപ്രാപിച്ചിരുന്നു. അൽ ഖായ്‌ദയ്ക്ക്‌ അഭയം നൽകിയ താലിബാൻ ഭരണകൂടത്തെ പുറത്താക്കുകയും അൽ ഖായ്‌ദയുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കുകയുമായിരുന്നു പ്രഖ്യാപിതലക്ഷ്യം. ‘നിങ്ങൾ ഞങ്ങളോടൊപ്പമോ ഭീകരർക്കൊപ്പമോ’ എന്നമട്ടിലുള്ള ലളിത ദ്വന്ദ്വങ്ങൾ മുന്നോട്ടുവച്ച്‌ ലോകമെന്പാടുമുള്ള വലതുപക്ഷ, തീവ്രവലതുപക്ഷ ശക്തികളുടെ മനസ്സ്‌ തങ്ങളുടെ അധിനിവേശനീക്കങ്ങൾക്കൊപ്പമാണെന്ന്‌ വരുത്തിത്തീർക്കാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന്‌ സാധിച്ചു. അധിനിവേശശ്രമങ്ങൾ തുടങ്ങി അധികം വൈകാതെ താലിബാനെ അധികാരഭ്രഷ്‌ടമാക്കിയ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും 20 വർഷത്തോളം അവിടെ തുടർന്നു. 2021-ൽ അമേരിക്കൻ സൈന്യം പിൻവാങ്ങുമ്പോൾ, വീണ്ടും താലിബാൻതന്നെയാണ്‌ അധികാരത്തിലെന്നത്‌ മറ്റൊരു വൈരുധ്യം.

അമേരിക്കയുടെ പ്രഖ്യാപിതലക്ഷ്യങ്ങൾക്ക്‌ എന്ത്‌ സംഭവിച്ചു എന്ന ചോദ്യവും ബാക്കി. ഭീകരവാദത്തെ ഇല്ലാതാക്കാനെന്ന പേരിൽ ആരംഭിച്ച യുദ്ധം പുതിയ ഭീകരസംഘടനകളുടെ വളർച്ചയ്ക്ക്‌ സാഹചര്യമൊരുക്കുമ്പോൾ അതുതന്നെയാണ്‌ അമേരിക്ക ആഗ്രഹിച്ചിരുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന്‌ ഇസ്രയേലുമൊന്നിച്ച്‌ ഇറാനിൽ അമേരിക്ക നടത്തുന്ന അധിനിവേശയുദ്ധം പശ്ചിമേഷ്യയിലാകെ ദുരിതം വിതയ്ക്കുന്പോൾ സൈനികനടപടികൾക്കുപിന്നിലെ അമേരിക്കൻ താൽപ്പര്യങ്ങൾ കൂടുതൽ വെളിപ്പെടുകയാണ്‌. അതേസമയം, എളുപ്പത്തിൽ കീഴ്‌പെടുത്താമെന്നു കരുതി ഇറാനെ കടന്നാക്രമിച്ച ട്രംപിന്‌ അടിമുടി പിഴയ്ക്കുകയാണ്‌. യുദ്ധത്തിൽനിന്ന്‌ പിന്മാറാൻ കഴിയാത്തവിധം ഡോണൾഡ്‌ ട്രംപ്‌ കുരുക്കിലായിരിക്കുന്നു. ഇറാനിൽനിന്നുള്ള അവിശ്വസനീയമായ ചെറുത്തുനിൽപ്പും അമേരിക്കൻ ജനതയിൽനിന്ന്‌ യുദ്ധത്തിനെതിരെ ഉയരുന്ന ജനരോഷവും പ്രസിഡന്റ്‌ എന്നനിലയ്ക്ക്‌ ട്രംപിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home