മരത്തടികൊണ്ട് ഭാര്യയെ അടിച്ചുകൊന്ന പ്രതി പിടിയിൽ

കഞ്ചിക്കോട്: ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതിയെ കഞ്ചിക്കോട്ടുനിന്ന് കസബ പൊലീസ് അറസ്റ്റ് ചെയ്തു. അസം ലഖിംപുർ സ്വദേശി മുന്ന ദാസി(33)നെയാണ് ഐഐടി ക്യാമ്പസിൽ നിർമാണത്തിനെത്തിയ തൊഴിലാളികളുടെ ക്യാമ്പിൽനിന്ന് പിടികൂടിയത്.
ആഗസ്ത് 30നാണ് കേസിനാസ്‌പദമായ സംഭവം. വഴക്കിനിടെ മരത്തടികൊണ്ട് ഭാര്യ ചമ്പുദാസിന്റെ (25) തലയ്ക്ക് അടിക്കുകയായിരുന്നു. ഇവർ മരിച്ചെന്ന് ഉറപ്പായതോടെ മുറി പൂട്ടി മുന്ന ദാസ് കേരളത്തിലേക്ക് കടന്നു. ഐഐടിയിൽ നിർമാണത്തിനെത്തിയ അതിഥിത്തൊഴിലാളികളുടെ ക്യാമ്പിലാണ് ഇയാൾ താമസിച്ചിരുന്നത്. ബംഗളൂരു പൊലീസ് മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രതിയുടെ ഫോട്ടോ സഹിതം വിവരം കൈമാറിയിരുന്നു. കൊലപാതകത്തിനുശേഷം സ്വിച്ച് ഓഫായിരുന്ന മുന്ന ദാസിന്റെ ഫോൺ കഞ്ചിക്കോട് ഐഐടി ടവർ പരിധിയിൽ ഓണായതായി പൊലീസ് കണ്ടെത്തി.
പൊലീസ് അന്വേഷണം തിരിച്ചറിഞ്ഞാൽ മുന്ന ദാസ് രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ ഐഐടി ക്യാമ്പസിന് സമീപത്തെ അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്ത് കരാർ കമ്പനി ഉദ്യോഗസ്‌ഥരെന്ന വ്യാജേനയാണ് കസബ പൊലീസ് സംഘമെത്തിയത്. മൂന്നുദിവസം നീണ്ട പരിശോധനയ്ക്കൊടുവിൽ മുന്ന ദാസിനെ പൊലീസ് കണ്ടെത്തി പിടികൂടുകയായിരുന്നു. ബംഗളൂരു പരപ്പന സ്റ്റേഷൻ എസ്ഐ എം ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പ്രതിയെ ഏറ്റെടുത്തു. കസബ സിഐ എൻ എസ് രാജീവ്, സ്റ്റേഷൻ ഹൗസ് ഓഫീസർ അജയ് എസ് മേനോൻ, ഉദ്യോഗസ്ഥരായ ആർ രഘു, രാകേഷ് മാണിക്യൻ, സുനിൽ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments