തമിഴ്നാട്ടിൽ മൂന്ന് എഐഎഡിഎംകെ എംഎൽഎമാർ രാജിവച്ചു; ടിവികെയിലേക്കെന്ന് സൂചന

ചെന്നൈ: തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കലഹം രൂക്ഷമായ എഐഎഡിഎംകെയിൽ പ്രതിസന്ധി തുടരുന്നു. തമിഴ്നാട്ടിൽ മൂന്ന് എഐഎഡിഎംകെ എംഎൽഎമാർ രാജിവച്ചു. മരുതാന്തകം കുമാരവേൽ, പി സത്യഭാമ (ധാരാപുരം), എസ് ജയകുമാർ (പെരുന്തുരൈ) എന്നിവരാണ് രാജിവച്ചത്. മുതിർന്ന നേതാക്കളായ സി വി ഷൺമുഖം, എസ് പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പിന്റെ ഭാഗമായിരുന്നു രാജിവച്ച എംഎൽഎമാർ. തിങ്കളാഴ്ച തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകറിനെ കണ്ട് ഇവർ രാജി സമർപ്പിച്ചു.
രാജിവെച്ചതിന് പിന്നാലെ മൂന്ന് പേരും ടിവികെ (തമിഴക വെട്രി കഴകം) നേതാവ് ആധവ് അർജുനനെ സന്ദർശിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് നയിക്കുന്ന ടിവികെയിൽ ഇവർ ചേരാനാണ് സാധ്യത. മെയ് 13ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ എഐഎഡിഎംകെയുടെ നിർദ്ദേശം ലംഘിച്ച് സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്ത 25 എംഎൽഎമാരിൽ ഇവരും ഉൾപ്പെടുന്നു.
അതേസമയം, നേരത്തെ വിമത വിഭാഗത്തിലായിരുന്ന അഞ്ച് എഐഎഡിഎംകെ എംഎൽഎമാർ പാർടി മേധാവി എടപ്പാടി കെ പളനിസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ച് തിരികെ എത്തി. ഇതോടെ പളനിസ്വാമി ക്യാമ്പിലെ ആകെ എംഎൽഎമാരുടെ എണ്ണം 27 ആയി ഉയർന്നു. ഷൺമുഖം-വേലുമണി നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനൊപ്പം നിലവിൽ 17 എംഎൽഎമാരാണുള്ളത്.











0 comments