ad
Deshabhimani

'പാറ്റപ്പേടി'യിൽ സംഘപരിവാർ; കോക്രോച്ച്‌ ജനതാ പാർടി സ്ഥാപകന്‌ വധഭീഷണി

CJP.jpg
avatar
കെ പി അക്ഷയ്‌

Published on May 23, 2026, 12:01 AM | 2 min read

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച്‌ ജനതാ പാർടി (സിജെപി) ക്ക്‌ ലഭിക്കുന്ന പിന്തുണയിൽ ആശങ്കയിലായി സംഘപരിവാർ. നരേന്ദ്ര മോദി സർക്കാരിനെയും വിഭജന രാഷ്‌ട്രീയത്തെയും രൂക്ഷമായി വിമർശിക്കുന്ന സിജെപിയുടെ സ്ഥാപകൻ അഭിജിത് ദിപ്‌കെയെ കൊല്ലുമെന്ന്‌ ഭീഷണിയുമായി സംഘപരിവാറുകാർ രംഗത്തെത്തി.


‘പണം തരാം. സിജെപിയുടെ സമൂഹമാധ്യമ അക്ക‍ൗണ്ട്‌ പൂട്ടുകയോ അല്ലെങ്കിൽ ബിജെപിയിൽ ചേരുകയോ വേണം‍‍,’ അമേരിക്കയിലാണെങ്കിൽ പോലും നിന്നെ ഞങ്ങൾ കൊന്നുകളയും’, ‘നിന്റെ നമ്പർ മാത്രമേ കിട്ടിയിട്ടുള്ള‍ൂ‍. വീട്‌ കണ്ടുപിടിക്കാൻ അധികം വൈകില്ല’ തുടങ്ങിയ ഭീഷണികളാണ്‌ പുണെ സ്വദേശിയായ ദിപ്‌കെയുടെ വാട്‌സ്‌ആപ്പിൽ എത്തുന്നത്‌. അഭിജിത്തിന്റെ സമൂഹ മാധ്യമ അക്ക‍ൗണ്ടുകൾ ഹാക്ക്‌ ചെയ്യാനും ശ്രമമുണ്ടായി.


ദളിത്‌ വിഭാഗത്തിൽ നിന്നുള്ളയാളാണ്‌ താനെന്ന്‌ ദിപ്‌കെ വെളിപ്പെടുത്തിയതിനെത്തുടർന്ന്‌ സമൂഹമാധ്യമങ്ങളിൽ ജാത്യധിക്ഷേവും തുടരുന്നു. അതിനിടെ ബംഗളൂരു ടൗൺഹാളിന്‌ സമീപം ഞായറാഴ്‌ച സിജെപി മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന്‌ സാമൂഹ്യമാധ്യമത്തിൽ വൻ പ്രചാരണമുണ്ടായി. ഇത്തരമൊരു പരിപാടിക്ക്‌ ഏതെങ്കിലും സംഘടനയോ വ്യക്തിയോ അനുമതി വാങ്ങിയിട്ടില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു.


​2 കോടി ഫോളോവർമാർ


സിജെപിയുടെ ഇൻസ്റ്റഗ്രാം അക്ക‍ൗണ്ടിന്‌ രണ്ട്‌ കോടിയിലധികമാണ്‌ ഫോളോവർമാർ. ബിജെപിയുടേതിന്‌ 91 ലക്ഷം മാത്രം. വെറും നാല്‌ ദിവസം കൊണ്ടാണ്‌ ഫോളോവർമാരുടെ എണ്ണത്തിൽ ബിജെപിയെ സിജെപി മറികടന്നത്‌. അതേസമയം, സിജെപിയുടെ എക്‌സ്‌ അക്ക‍ൗണ്ടിന്‌ വിലക്കേർപ്പെടുത്തിയതോടെ ‘കോക്രോച്ച്‌ ഇ‍ൗസ്‌ ബാക്ക്‌’ എന്ന പേരിൽ പുതിയ അക്ക‍ൗണ്ട്‌ തുടങ്ങി. ഇതിലും ഫോളോവർമാരുടെ എണ്ണം കുതിച്ചുകയറുകയാണ്‌.


രാജ്യസുരക്ഷയ്‌ക്ക്‌ 
ഭീഷണിയെന്ന്‌

സിജെപി രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന ഇന്റലിജൻസ്‌ ബ്യൂറോ റിപ്പോർട്ടിനെ തുടർന്നാണ്‌ എക്‌സ്‌ അക്ക‍ൗണ്ട്‌ പൂട്ടിയതെന്നാണ്‌ വിവരം. അക്കൗണ്ട് മരവിപ്പിക്കാൻ എക്‌സിനോട് വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്‌മ ഉൾപ്പെടെയുള്ള വിഷയങ്ങളാണ്‌ സിജെപി ഉന്നയിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ കമീഷനെയും നീതിന്യായ വ്യവസ്ഥയെയും ഉപയോഗിച്ചുള്ള മോദി സർക്കാർ നീക്കവും രാഷ്‌ട്രീയക്കാരുടെ കൂറുമാറ്റവുമെല്ലാം സിജെപി ചർച്ചയാക്കുന്നു. നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയും രാജ്യത്തെ സ്‌കൂളുകളുടെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. അതിനിടെ, സിജെപിക്കെതിരെ ഒഗ്ഗി ജനത പാർടി (ഒജെപി) എന്ന സമൂഹമാധ്യമ അക്ക‍ൗണ്ട്‌ രൂപപ്പെട്ടിട്ടുണ്ട്. ഒഗ്ഗി ആൻഡി ദി കോക്രോച്ചസ്‌ എന്ന കാർട്ടൂൺ സീരീസിലെ ഒഗ്ഗി എന്ന പൂച്ചയുടെ കഥാപാത്രമാണ്‌ ഒജെപിയുടെ മുഖം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home