തിരുവള്ളൂർ അപകടത്തിന് പിന്നിൽ അട്ടിമറി? ട്രാക്കിൽ വിള്ളൽ കണ്ടെത്തി

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായതിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സംശയം. അപകട സ്ഥലത്തിന് 100 മീറ്റർ അകലെയായി ട്രാക്കിൽ വിള്ളൽ കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയാണ്. അപകടത്തെക്കുറിച്ച് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു
ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ തിരുവള്ളൂർ റെയിൽവെ സ്റ്റേഷന് സമീപത്തു വച്ചായിരുന്നു അപകടം. ഡീസലുമായി പോയ ഗുഡ്സ് ട്രെയിനിനാണ് തീപിടിച്ചത്. ട്രെയിനിൻറെ അഞ്ച് ബോഗികളിൽനിന്ന് തീ ആളിക്കത്തി. തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ പുക പരന്നു. സംഭവത്തെ തുടർന്ന് പാതയിലെ റെയിൽവെ ഗതാഗതം താറുമാറായി. പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്.
മറ്റ് ബോഗികളിലേക്ക് പടരാതെ തീ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. ആളപായമോ ചുറ്റുമുള്ള വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മണാലിയിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. അപകടത്തെത്തുടർന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. തിരുവള്ളൂർ വഴിയുള്ള എട്ട് ട്രെയിനുകൾ റദ്ദാക്കി.









0 comments