ലോകത്തിലെ ഏറ്റവും മലിനമായ നാലാമത്തെ നഗരം; മുംബൈയിലെ വായു മലിനീകരണം ഡൽഹിയേക്കാള്‍ രൂക്ഷം

മുംബൈ : രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്നതിനിടെ, മുംബൈയെക്കുറിച്ചുള്ള ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുംബൈയിലെ പുകമഞ്ഞ് ഡൽഹിയേക്കാൾ രൂക്ഷമാണെന്ന് കോടതി വിമർശിച്ചു.
തീരദേശ നഗരമായ മുംബൈയിൽ ഡൽഹിയേക്കാൾ ഉയർന്ന മലിനീകരണ തോത് രേഖപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് നിലവിൽ മുംബൈ. വായു ഗുണനിലവാരം ഗുരുതരാവസ്ഥയിലെത്തിയിട്ടും മലിനീകരണം നിയന്ത്രിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് അധികൃതർ വരുത്തിയത്. ഉത്സവകാലത്തെ ആഘോഷങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ആരോഗ്യം പോലും മറന്നാണ് പടക്കങ്ങൾ പൊട്ടിക്കുന്നത്. നിലവിൽ രാവിലെ മുംബൈ തെുവുകളിലൂടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.
കാറ്റിന്റെ വേഗത ഗണ്യമായി കുറഞ്ഞതും ഉയർന്ന താപനിലയും അന്തരീക്ഷ ഈർപ്പവുമാണ് മലിനീകരണ തോത് വർധിക്കാനുള്ള മറ്റ് കാരണങ്ങൾ. എൽ നിനോയുടെ സ്വാധീനം മൂലം മൂലം കാറ്റില്ലാത്ത അവസ്ഥയുണ്ടാകുകയും മലിനീകരണ കണികകൾ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു.
ഉയർന്ന ചൂടും ശക്തമായ സൂര്യപ്രകാശവും കാരണം അന്തരീക്ഷത്തിൽ രൂപപ്പെടുന്ന 'ഗ്രൗണ്ട് ലെവൽ ഓസോൺ' മലിനീകരണ തോത് വർധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു. നഗരത്തിലുടനീളം നടക്കുന്ന കെട്ടിട നിർമാണങ്ങളും പൊളിക്കലുകളും ഉണ്ടാക്കുന്ന പൊടിപടലങ്ങൾ വലിയ തോതിൽ വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്.








0 comments