ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കും ജില്ലാ ജഡ്‌ജിയാകാൻ യോഗ്യത; അഭിഭാഷകർക്ക് 25 ശതമാനം ക്വോട്ട അവകാശപ്പെടാനാകില്ല

ന്യൂഡൽഹി: അഭിഭാഷകനായോ ജുഡീഷ്യൽ ഉദ്യോഗസ്ഥനായോ ഏഴുവർഷം പ്രവൃത്തിപരിചയമുള്ളവർക്ക് ബാർ ക്വോട്ടയിൽനിന്ന് നേരിട്ടുള്ള ജില്ലാ ജഡ്‌ജി നിയമനത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി ഭരണഘടനാബെഞ്ച്.
കേരളത്തിലെ മുൻസിഫ് മജിസ്‌ട്രേറ്റ് കെ വി രജനീഷ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് അയോഗ്യത കൽപ്പിച്ച മുൻ വിധി റദ്ദാക്കി.
സർവീസിലുള്ളവർക്ക് യോഗ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന ചട്ടം സംസ്ഥാനങ്ങളും ഹൈക്കോടതികളും മൂന്നുമാസത്തിനുള്ളിൽ രൂപീകരിക്കണം. തുല്യതയുറപ്പാക്കാൻ സർവീസിലുള്ളവർക്ക് അപേക്ഷിക്കാവുന്ന കുറഞ്ഞ പ്രായപരിധി 35 വയസായി നിജപ്പെടുത്തി.
തുടർച്ചയായി ഏഴുവർഷമാണ് അഭിഭാഷക പ്രാക്‌ടീസ് നടത്തേണ്ടത്. ഇടവേളയെടുത്താൽ അയോഗ്യരാകും. നിലവിൽ തുടങ്ങിവച്ച നിയമനപ്രക്രിയകളെ വിധി ബാധിക്കില്ല. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് 25 ശതമാനം ക്വോട്ട മാറ്റിവയ്‌ക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ജില്ലാ ജുഡീഷ്യറിയുടെ കാര്യക്ഷമത വർധിപ്പിക്കാൻ പ്രതിഭാധനരായ യുവജനങ്ങൾക്ക് അവസരം ലഭിക്കണം.
അഭിഭാഷകരായി പ്രാക്‌ടീസ് ചെയ്യുന്നതിനേക്കാൾ ജഡ്‌ജിയായി പ്രവർത്തിക്കുന്പോഴാണ് മികച്ച പ്രവൃത്തിപരിചയം ലഭിക്കുക.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാർ, എസ് സി ശർമ, കെ വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.









0 comments