print edition വിവരാവകാശവും ഇല്ലാതാക്കാൻ കേന്ദ്രനീക്കം ; നിയമം പുനഃപരിശോധിക്കണമെന്ന് സാമ്പത്തിക സർവേ

ന്യൂഡൽഹി
ഇടതുപക്ഷത്തിന്റെ സമ്മർദത്താൽ രൂപംനൽകിയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിന് പിന്നാലെ വിവരാവകാശ നിയമത്തെയും ദുർബലമാക്കാനൊരുങ്ങി മോദി സർക്കാർ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽവച്ച സാന്പത്തിക സർവേയിലാണ് വിവരാകാശ നിയമത്തിന്റെ കടയ്ക്കൽ കത്തിവയ്‌ക്കുന്ന ശുപാർശകളുള്ളത്.
വിവരാവകാശ നിയമത്തിൽ അപകട സാധ്യതയുണ്ടെന്നും നിയമം പുനഃപരിശോധിക്കണമെന്നും സാന്പത്തിക സർവേ ആവശ്യപ്പെടുന്നു.
രഹസ്യസ്വഭാവമുള്ള റിപ്പോർട്ടുകൾ വിവരാവകാശത്തിന്റെ ഭാഗമായി നൽകരുത്. നയരൂപീകരണ വേളയിലെ കരട് നിർദേശങ്ങളും ചർച്ചകളുടെ കുറിപ്പുകളും പുറത്തുവിടരുത്. ഇതെല്ലാം പുറത്തുവിടുന്നത് ഭരണനിർവഹണത്തിൽ തടസമുണ്ടാക്കുന്നുവെന്നും സർവേയിൽ പറയുന്നു.
സർവീസ് രേഖകൾ, സ്ഥലം മാറ്റം ഉൾപ്പെടെ പൊതുജനങ്ങളെ നേരിട്ടുബാധിക്കാത്ത വിഷയങ്ങൾ ഒഴിവാക്കണം. ഭരണനിർവഹണത്തിന് തടസമുണ്ടാകുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകൾ നിയന്ത്രിക്കാൻ മന്ത്രിതല സമിതിക്ക് അധികാരം നൽകണം. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ വിവരാവകാശ നിയമം കൂടുതൽ വിപുലമാണെന്നും അമേരിക്ക, സ്വീഡൻ, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇത്തരം നിയമങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഇവിടെയും ആവശ്യമാണെന്നും ശുപാർശയുണ്ട്. ഒൗദ്യോഗികമായ സ്വകാര്യതകൾ പുറത്തുവിടരുതെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ഇൗ നിർദേശങ്ങളെല്ലാം ആവശ്യമാണെന്നും വാദിക്കുന്നു.
തങ്ങൾ തെരഞ്ഞെടുത്ത സർക്കാരും ഭരണസംവിധാനങ്ങളെ നയിക്കുന്ന ഉദ്യോഗസ്ഥരും എന്തെല്ലാം ചെയ്യുന്നുവെന്ന് പൊതുജനങ്ങൾക്ക് അറിയാനും സുതാര്യത ഉറപ്പാക്കാനുമുള്ള അവകാശമാണ് 2005ൽ നിലവിൽ വന്ന വിവരാവകാശ നിയമം നൽകുന്നത്. ഇൗ നിയമത്തെ ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ ദീർഘകാല ശ്രമത്തിന്റെ ഭാഗമാണ് സാന്പത്തിക സർവേയിലെ ശുപാർശകൾ.










0 comments