പ്രതിപക്ഷം പുതിയ നോട്ടീസ് നൽകി
print edition ഗ്യാനേഷ്‌കുമാറിനെ നീക്കണം

ഗ്യാനേഷ്‌കുമാര്‍

സ്വന്തം ലേഖകൻ
Published on Apr 25, 2026, 12:14 AM | 1 min read
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ്‌കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയിൽ പുതിയ നോട്ടീസ് നൽകി. 73 എംപിമാർ ഒപ്പിട്ട നോട്ടീസാണ് നൽകിയത്. നേരത്തെ ഇതേആവശ്യം ഉന്നയിച്ചുള്ള നോട്ടീസ് കാരണം വ്യക്തമാക്കാതെ ലോക്‌സഭാ സ്‌പീക്കറും രാജ്യസഭാ അധ്യക്ഷനും തള്ളിയത് വിവാദമായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് ദൂരദർശൻ അടക്കമുള്ള ഔദ്യോഗികസംവിധാനങ്ങൾ ദുരുപയോഗം ചെയ്‌ത് പ്രതിപക്ഷത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ നഗ്നമായ ലംഘനമാണെന്ന സിപിഐ എം ഉൾപ്പെടെയുള്ള പാർടികളും പൗരപ്രമുഖരും നൽകിയ പരാതികളിൽ കമീഷൻ നടപടി എടുത്തിട്ടില്ല. ഇതടക്കം ഗ്യാനേഷ്‌കുമാറിന്റെ പക്ഷപാതപരമായ പ്രവർത്തനശൈലിയിൽ മാറ്റമൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
നോട്ടീസിന് 200 ഓളം എംപിമാരുടെ പിന്തുണ ആർജിക്കാൻ കഴിയുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഗ്യാനേഷ്‌കുമാറിന്റെ അധികാരദുർവിനിയോഗം വിശദീകരിക്കുന്ന ഒന്പത് കുറ്റങ്ങളാണ് നോട്ടീസിൽ ഉന്നയിച്ചത്. ബിഹാറിലും പശ്‌ചിമബംഗാളിലും ദുരൂഹമായ എസ്‌ഐആർ നടപടികളിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരെ ഏകപക്ഷീയമായി വോട്ടർപ്പട്ടികകളിൽനിന്ന് ഒഴിവാക്കിയ നടപടി ജനാധിപത്യവും ഭരണഘടനയും പൗരർക്ക് വാഗ്‌ദാനം ചെയ്‌തിട്ടുള്ള അവകാശങ്ങളുടെ നിഷേധമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.









0 comments