'തിരുമ്പി വന്തിട്ടേന്‍'; മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരിച്ചെത്തി

ചെന്നൈ: വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരിച്ചെത്തി. സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറ് വയസുള്ള സിംഹമാണ് തിരച്ചിൽ നടക്കുന്നതിനിടെ തനിയെ തിരിച്ചെത്തിയത്. നാല് ദിവസമായി അരിജ്ഞർ അണ്ണാ മൃഗശാലയിലെ സിംഹത്തിനായി തെരച്ചിൽ നടത്തുകയായിരുന്നു. മൃഗശാലയുടെ പല ഭാഗങ്ങളിലായി ഡ്രോണുകളും തെർമൽ ഇമേജിങ് ക്യാമെറകളും ഉപയോഗിച്ച് തെരച്ചിൽ നടത്തിയിരുന്നു.
ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്ന് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഷേരു എന്ന സിംഹത്തെ കൊണ്ടുവന്നത്. വണ്ടല്ലൂരിൽ എത്തിച്ച ശേഷം ആദ്യമായാണ് ഷേരുവിനെ അധികൃതർ സഫാരി മേഖലയിലേക്ക് തുറന്ന് വിടുന്നത്. രാത്രി ഭക്ഷണം കഴിക്കാനുള്ള സമയമാകുമ്പോൾ തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ഷേരുവിനെ തുറന്നുവിട്ടത്.
മൃഗശാലയ്ക്കുള്ളിലെ 20 ഹെക്ടർ വരുന്ന സ്വാഭാവിക വനഭൂമിയുള്ള പ്രദേശത്താണ് സഫാരി നടക്കുന്നത്. ഇവിടെ തുറന്നുവിട്ട മൃഗങ്ങളെ കാഴ്ചക്കാർക്ക് അടുത്ത് കാണാനാകുന്ന തരത്തിലാണ് സഫാരി ഒരുക്കിയിരിക്കുന്നത്. രണ്ട് സിംഹങ്ങളാകും സഫാരിയിൽ ഉണ്ടാകുക. നേരത്തെ സഫാരിക്കായി ഉപയോഗിച്ചിരുന്ന സിംഹത്തിന് പ്രായമായതിനെ തുടർന്നാണ് ഷേരുവിനെ അവിടേക്ക് തുറന്ന് വിടുന്നത്.









0 comments