Deshabhimani

print edition അവകാശ സമരങ്ങളുടെ ദിശയും മുനയും

sfi.
avatar
കെ പി അക്ഷയ്‌

Published on Oct 03, 2026, 01:31 AM | 2 min read

രാജ്യമാകെ വിദ്യാർഥികൾ നയിക്കുന്ന അവകാശ സമരങ്ങളുടെ നേതൃത്വമായും ദിശാബോധം നൽകിയും എല്ലാ സംസ്ഥാനങ്ങളിലും എസ്‌എഫ്‌ഐ നിറഞ്ഞുനിൽക്കുകയാണ്‌. സ്‌കൂൾ വിദ്യാർഥികൾമുതൽ പിഎച്ച്‌ഡി ഗവേഷകർവരെയുള്ളവരുടെ ആവശ്യങ്ങൾക്കായി എസ്‌എഫ്‌ഐ ശബ്‌ദമുയർത്തുന്നു


​‘സ്‌കൂൾ ബചാവോ’


രാജ്യത്ത്‌ വ്യാപകമായി സർക്കാർ സ്‌കൂളുകൾ പൂട്ടുന്നനെതിരെ ആദ്യം ശബ്‌ദിച്ച സംഘടന എസ്‌എഫ്‌ഐയാണ്‌. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ‘സ്‌ക‍ൂൾ ബചാവോ’ എന്ന പേരിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചു. 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ സ്‌കൂൾ പൂട്ടിയ മധ്യപ്രദേശിൽ കൺവൻഷൻ വിളിച്ചുചേർത്താണ്‌ കാന്പയിൻ ആരംഭിച്ചത്‌. അടിസ്ഥാന സ‍ൗകര്യങ്ങൾ പോലും ഇല്ലാതെ ശോചനീയാവസ്ഥയിലായ സ്‌കൂളുകളിൽ സമരമാരംഭിച്ചു. വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രദേശവാസികളെയുമെല്ലാം വിളിച്ചുചേർത്ത്‌ ജനകീയ സമിതികൾ രൂപീകരിച്ചാണ്‌ സമരം നടത്തുന്നത്‌.


​ജാതിവിവേചനത്തിനെതിരെ


വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കുന്നതിനായി രോഹിത്‌ ആക്‌ട്‌ നടപ്പാക്കണമെന്ന ആവശ്യം എസ്‌എഫ്‌ഐ ഉൾപ്പെടെ ഇടതുപക്ഷ, ദളിത്‌ വിദ്യാർഥി സംഘടനകൾ ഉയർത്തുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കുന്നതിനായി യുജിസി ചട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക്‌ മാർച്ച്‌ചെയ്ത എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ്‌ ക്രൂരമായി നേരിട്ടു.


യുജിസി ചട്ടങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹി ജെഎൻയുവിൽ എസ്‌എ-ഫ്‌ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെയും ക്രൂരമായാണ്‌ കേന്ദ്രസർക്കാർ നേരിട്ടത്‌. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റും എസ്‌എഫ്‌ഐ നേതാവുമായ കെ ഗോപിക ബാബു ഉൾപ്പെടെ വിദ്യാർഥികളെ ദിവസങ്ങളോളം തിഹാർ ജയിലിലിട്ടു. ഇതിനുപുറമേ രാജ്യത്തെ ദളിത്‌, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ എസ്‌എഫ്‌ഐ സംഘടിപ്പിച്ചു. തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, ത്രിപുര, ഛത്തീസ്‌ഗഡ്‌ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ദളിത്‌, ആദിവാസി വിദ്യാർഥികളുടെ അവകാശങ്ങൾക്കായി എസ്‌എഫ്‌ഐ സമരം സംഘടിപ്പിച്ചു.


​ഹിമാചലിനെ ചലിപ്പിച്ച സമരം


​ഹിമാചൽപ്രദേശ്‌ അടുത്തിടെ കണ്ട ഏറ്റവും വലിയ വിദ്യാർഥിസമരത്തിന്‌ നേതൃത്വമായതും എസ്‌എഫ്ഐ. ഹിമാചൽപ്രദേശ് സർവകലാശാലയിലെ അമിത ഫീസ്‌ വർധന പിൻവലിക്കണമെന്നാവശ്യമുയർത്തി സംഘടിപ്പിച്ച സമരത്തിൽ ആയിരക്കണക്കിന്‌ വിദ്യാർഥികൾ അണിനിരന്നു. ഇ‍ൗ പങ്കാളിത്തം സമരത്തിന്‌ ദേശീയഖ്യാതി സമ്മാനിച്ചു. സമരത്തെത്തുടർന്ന്‌ സർവകലാശാല അധികൃതർ അമിത ഫീസ്‌ വർധന പിൻവലിക്കാൻ തയ്യാറായി. അനധികൃത നിയമനങ്ങൾക്കെതിരെ നടപടിയെടുക്കണം എന്ന ആവശ്യവും അധികൃതർക്ക്‌ അംഗീകരിക്കേണ്ടിവന്നു.


​സുരക്ഷിതഡൽഹിക്കായി​


ഡൽഹിയിൽ പെൺകുട്ടികൾ നിരന്തരം ലൈംഗികാതിക്രമത്തിന്‌ ഇരയാവുന്ന സാഹചര്യത്തിൽ വലിയ പ്രതിഷേധ പരിപാടികൾക്കാണ്‌ എസ്‌എഫ്‌ഐ നേതൃത്വം നൽകുന്നത്‌. നൈറ്റ്‌ മാർച്ചുകൾ സംഘടിപ്പിച്ചും പെൺകൂട്ടായ്‌മ വിളിച്ചുചേർത്തും രാജ്യതലസ്ഥാനത്ത്‌ എസ്‌എഫ്‌ഐ സജീവമാണ്‌. കാന്പസുകളിലും സമീപപ്രദേശങ്ങളിലും സിസിടിവി, തെരുവുവിളക്ക്‌, പിങ്ക്‌ ബൂത്ത്‌ എന്നിവ സ്ഥാപിക്കണം, ലൈംഗികാതിക്രമ കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർചെയ്യാൻ കാലതാമസമുണ്ടാകരുത്‌ തുടങ്ങിയ ആവശ്യങ്ങളാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌. ഡൽഹി സെക്രട്ടറിയേറ്റിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ചിൽ ആയിരക്കണക്കിന്‌ വിദ്യാർഥിനികളാണ്‌ പങ്കെടുത്തത്‌.


​ബിഹാറിൽ പെൺകുട്ടികൾ ജയിലിൽ


ബിഹാറിലെ നളന്ദ ജില്ലയിലുള്ള നഗർനൗസയിൽ സർക്കാർ ബിരുദ കോളേജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ നേതൃത്വത്തിൽ എസ്‌എഫ്‌ഐ ഉണ്ടായിരുന്നു. എസ്‌എഫ്‌ഐയുടെ സമരഫലമായി സംസ്ഥാന സർക്കാർ ജില്ലയിൽ കോളേജ്‌ അനുവദിച്ചതായിരുന്നു. എന്നാൽ, രാഷ്‌ട്രീയതാൽപര്യം മുൻനിർത്തി കോളേജ്‌ മറ്റൊരു സ്ഥലത്തേക്ക്‌ സ്ഥാപിക്കാൻ തീരുമാനിച്ചപ്പോഴാണ്‌ സമരം ശക്തമായത്‌. എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ്‌ കാന്തികുമാരി ഉൾപ്പെടെ എട്ടുപേരെ 40 ദിവസം ജയിലിലിട്ടു. കാന്തിയുടെ രണ്ട്‌ സഹോദരിമാരും ജയിലിലായി.


ഹിമാചൽപ്രദേശിലെ ലഹരിമാഫിയക്കും അവരെ വളർത്തുന്ന കോൺഗ്രസ്‌ സർക്കാരിനും എതിരെയുമുള്ള പ്രതിഷേധം ജനശ്രദ്ധയാകർഷിച്ചു. കൊൽക്കത്തയിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽനിന്ന്‌ മുട്ട ഒഴിവാക്കിയപ്പോൾ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ സംഘടിച്ചു. ഉത്തർപ്രദേശിലെ നാല്‌ മെഡിക്കൽ കോളേജുകളിൽ എസ്‌സി–എസ്‌ടി വിദ്യാർഥികൾക്കുണ്ടായിരുന്ന 70 ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാർഥി സംഘടന പ്രവർത്തകരെ കാന്പസിൽ കയറ്റാതിരിക്കാനുള്ള തമിഴ്‌നാട്‌ സർക്കാർ തീരുമാനത്തിനെതിരെയും രാജസ്ഥാനിൽ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാവശ്യപ്പെട്ടുമെല്ലാം എസഎഫ്‌ഐ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകി. ജാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും സമരരംഗത്തിറങ്ങി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home