ജയിക്കുന്നത് നാലാംവട്ടം
print edition പണമുണ്ടോ രാജ്യസഭാംഗമാകാം; റിലയൻസ് ഏജന്റ് നത്‌വാനി രാജ്യസഭയിലേക്ക്

പരിമൾ നത്‌വാനി | Photo Credit: X/Parimal Nathwani

സ്വന്തം ലേഖകൻ
Published on Jun 20, 2026, 12:00 AM | 1 min read
ന്യൂഡൽഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ്‌കാര്യ ഡയറക്ടറായ പരിമൾ നത്‌വാനി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് നാലാംവട്ടം. പണം വാരിയെറിഞ്ഞാണ് തുടർച്ചയായി രാജ്യസഭയിലേക്ക് ജയിക്കുന്നതെന്ന ആക്ഷേപം ശക്തം. ഗുജറാത്ത് സ്വദേശികൂടിയായ നത്‌വാനിക്ക് എല്ലാ ഘട്ടങ്ങളിലും ബിജെപിയുടെ പിന്തുണ ലഭിച്ചിരുന്നു.
2008ൽ ജാർഖണ്ഡിൽനിന്നാണ് ആദ്യമായി രാജ്യസഭയിലെത്തിയത്. സ്വതന്ത്രനായി മത്സരിച്ച നത്‌വാനിക്ക് ബിജെപിയുടെയും ജെഎംഎം, എജെഎസ്-യു തുടങ്ങിയ ചെറുപാർടികളുടെയും പിന്തുണ ലഭിച്ചിരുന്നു. പകരമായി കോടികൾ പാർടി ഫണ്ടുകളിലേക്ക് ഒഴുകി. 2014 ലും ജാർഖണ്ഡിൽനിന്ന് സ്വതന്ത്രനായി ജയിച്ചു.
2020ൽ നത്‌വാനി ആന്ധ്രയിലേക്ക് കളംമാറ്റി. വൈഎസ്‌ആർസിപി അംഗത്വമെടുത്ത ശേഷം വീണ്ടും രാജ്യസഭയിലേക്ക് മത്സരിച്ച് ജയിച്ചു. ആന്ധ്രയിലെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ജാർഖണ്ഡിലെത്തിയത്. ബിജെപിയുടെ പിന്തുണയോടെ എൻഡിഎ സ്വതന്ത്രസ്ഥാനാർഥിയായി. ജെഎംഎം മുന്നണിയിൽനിന്ന് വോട്ടുകൾ ചോർത്തി രാജ്യസഭയിലെത്തി. ശതകോടീശ്വരൻമാരായ വ്യവസായികൾ പണത്തിന്റെ പിൻബലത്തിൽ മുമ്പും രാജ്യസഭയിലേക്ക് ജയിച്ചിട്ടുണ്ട്. വിജയ് മല്യ കർണാടകയിൽനിന്ന് 2002 ലും 2010 ലും സ്വതന്ത്രസ്ഥാനാർഥിയായി ജയിച്ചു. ജെഡിഎസിന്റെയും കോൺഗ്രസിന്റെയും ബിജെപിയുടെയുമെല്ലാം വോട്ടുകൾ മല്യക്ക് ലഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറും ബിജെപി പിന്തുണയിൽ കർണാടകയിൽനിന്ന് 2006ൽ രാജ്യസഭയിലെത്തി. 2012ൽ വീണ്ടും സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. 2018ൽ ബിജെപിയിൽ ചേർന്നതിനുശേഷം വീണ്ടും രാജ്യസഭയിലെത്തി. സീന്യൂസ് ഉടമ സുഭാഷ് ചന്ദ്ര, ന്യൂസ്‌എക്‌സ് ഉടമ കാർത്തികേയ ശർമ തുടങ്ങിയവരും പണത്തിന്റെ പിൻബലത്തിൽ രാജ്യസഭയിലെത്തി.










0 comments