print edition തരൂരിന്റെ ‘മോദിസ്‌തുതി’; കോൺഗ്രസ് നിലപാട് വിചിത്രം: ജോൺബ്രിട്ടാസ് എംപി

ന്യൂഡൽഹി : പശ്‌ചിമേഷ്യൻ സംഘർഷങ്ങളിൽ മോദിസർക്കാർ പുലർത്തുന്ന മൗനത്തെ നയതന്ത്രവിജയമായി വിലയിരുത്തിയ കോൺഗ്രസ് എംപി ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ എം രാജ്യസഭാംഗം ജോൺബ്രിട്ടാസ്. ധനവിനിയോഗ ചർച്ചയിലാണ് ജോൺ ബ്രിട്ടാസ് ശശിതരൂരിന്റെ ‘മോദിസ്‌തുതി’യെ തുറന്നുകാട്ടിയത്.
‘കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൂടിയായ ശശിതരൂർ കേന്ദ്രസർക്കാരിന്റെ മൗനമാണ് ഏറ്റവും മികച്ച നയതന്ത്രമെന്ന് വാഴ്‌ത്തിപ്പാടുന്നു. 140 കോടി ജനങ്ങളുള്ള ചേരിചേരാപ്രസ്ഥാനത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഒരു രാജ്യം ആഗോളരാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചലനങ്ങൾ കണ്ട് മിണ്ടാതിരിക്കണമെന്നാണോ തരൂർ ഉദ്ദേശിച്ചത്?. ഇതിനെതിരെ കോൺഗ്രസിലെ ഒരംഗവും ശബ്‌ദമുയർത്തിയില്ലെന്നത് വിചിത്രമാണ്.
അമേരിക്കയ്‌ക്ക് വിധേയരായി ഇരുന്നാൽ എല്ലാം സുഗമമാകുമെന്ന തെറ്റിദ്ധാരണയാണ് കേന്ദ്രസർക്കാരിനും അവരെ പിന്തുണയ്‌ക്കുന്ന ആൾക്കാർക്കുമുള്ളത്. അമേരിക്കയിൽനിന്ന് ഒരനുഭാവവും സഹായവും ഉണ്ടാകുമെന്ന് കരുതരുത്. സാമ്രാജ്യത്വമോഹം മാത്രമാണ് അവരെ നയിക്കുന്നത്. അധാർമികവും നിയമവിരുദ്ധവുമായ യുദ്ധത്തിനെതിരെ ശബ്ദമുയർത്താൻ സർക്കാർ തയ്യാറാകണം. ഇറാനിലെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയിട്ടും അതിനെ അപലപിക്കാത്ത സർക്കാർ നിലപാട് ശരിയല്ല. പശ്‌ചിമേഷ്യൻ സംഘർഷങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കാൻ പോകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളുടെ കൃത്യമായ വിലയിരുത്തൽ പൗരരെ അറിയിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് സർക്കാർ ഒളിച്ചോടരുത്’– ജോൺ ബ്രിട്ടാസ് പറഞ്ഞു.











0 comments