ad
Deshabhimani

ശമ്പള പരിഷ്കരണം ഉൾപ്പെടെ 32 ആവശ്യങ്ങൾ; തെലങ്കാനയിൽ ആർടിസി ജീവനക്കാർ പണിമുടക്കിൽ

Telangana.jpg

പണിമുടക്ക് കാരണം നിരത്തിലിറങ്ങാതെ ഡിപ്പോയിൽ കിടക്കുന്ന ബസുകൾ

വെബ് ഡെസ്ക്

Published on Apr 22, 2026, 05:07 PM | 1 min read

ഹൈദരാബാദ്: ശമ്പള പരിഷ്കരണം, തൊഴിൽ സുരക്ഷ ഉറപ്പാക്കൽ, ഒഴിവുള്ള തസ്തികകൾ നികത്തുക തുടങ്ങി 32 ഇന ആവശ്യങ്ങൾ ഉന്നയിച്ച് തെലങ്കാന സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്ത സമിതി പണിമുടക്കുന്നു.


41 ദിവസം മുമ്പ് പണിമുടക്ക് നോട്ടീസ് നൽകിയിട്ടും സർക്കാർ ചർച്ചകൾ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ജീവനക്കാർ തെരുവിലിറങ്ങിയത്. ആർടിസിയെ പൂർണ്ണമായും സർക്കാരിൽ ലയിപ്പിക്കണമെന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.


അധികാരത്തിൽ വരുന്നതിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച തൊഴിലാളികൾ, വിവിധ ഡിപ്പോകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ആർടിസി ബസ്സുകൾ നിരത്തിലിറങ്ങാത്തതോടെ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം പൂർണ്ണമായും സ്തംഭിച്ചു.


ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകേണ്ട സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും അമിത ചാർജ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്.


പ്രതിഷേധം ശക്തമായ ഡിപ്പോകളിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഘട്ടം ഘട്ടമായി ആവശ്യങ്ങൾ പരിഗണിക്കാൻ നാലാഴ്ചത്തെ സമയം വേണമെന്നും ടിജിഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വൈ നാഗി റെഡ്ഡി അറിയിച്ചു.


സർക്കാരുമായി സഹകരിക്കണമെന്നും പണിമുടക്ക് പിൻവലിക്കണമെന്നും അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home