ഡൽഹിയിൽ ഭീകരാക്രമണ ഗൂഢാലോചന: എട്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ നിന്ന് ആറ് പേരെ പിടികൂടി. ഇവരിൽ ചിലർ ബംഗ്ലാദേശി പൗരന്മാരാണ്. പാകിസ്ഥാൻ ഭീകര സംഘടനയായ ഐഎസ്‌ഐ , ബംഗ്ലാദേശ് കേന്ദ്രീകൃത തീവ്രവാദ സംഘടനകൾ എന്നിവയുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് അധികൃതർ പറയുന്നത്.
പിടിയിലായവരിൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും കണ്ടെടുത്തു. ഇവരുടെ വിദേശ ബന്ധങ്ങൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ഇവ പരിശോധിച്ചുവരികയാണ്. ഡൽഹി പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.
ഇന്ത്യയിലെ പ്രമുഖ മതസ്ഥലങ്ങളും ചെങ്കോട്ടയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് സാധ്യതയെന്നായിരുന്നു രഹസ്യാന്വേഷണ വിവരം. ഐഇഡി സ്‌ഫോടനം നടത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരി 6ന് ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന് പ്രതികാരം ചെയ്യാനാണ് ലഷ്‌കർ-ഇ-തൊയ്ബ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.
2025 നവംബർ 10ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ മുൻകരുതലുകളാണ് ഡൽഹിയിൽ സ്വീകരിച്ചിരിക്കുന്നത്. അന്ന് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.










0 comments