നീറ്റ് പുനഃപരീക്ഷയും ടെലിഗ്രാം വിലക്കും: കേന്ദ്ര നടപടിക്കെതിരെയുള്ള ഹർജിയിൽ ദില്ലി ഹൈക്കോടതി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ ടെലിഗ്രാം മെസ്സേജിങ് ആപ്പിന് താൽക്കാലികമായി ഏർപ്പെടുത്തിയ രാജ്യവ്യാപക വിലക്കിനെതിരെയുള്ള ഹർജിയിൽ ദില്ലി ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് തേജസ് കരിയ ഉൾപ്പെട്ട അവധിക്കാല ബെഞ്ചാണ് കേന്ദ്ര സർക്കാരിന്റെയും ടെലിഗ്രാമിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷം വിധി പ്രസ്താവിക്കാനായി മാറ്റിവെച്ചത്.
ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ജൂൺ 22 വരെയാണ് കേന്ദ്ര സർക്കാർ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് വിലക്കേർപ്പെടുത്തി ഉത്തരവിറക്കിയത്.
ഇതിനുപുറമെ, പഴയ സന്ദേശങ്ങൾ തിരുത്തി വ്യാജ ചോദ്യപേപ്പർ ചോർച്ചാ തെളിവുകൾ ഉണ്ടാക്കുന്നത് തടയാൻ ജൂൺ 30 വരെ ടെലിഗ്രാമിന്റെ 'മെസ്സേജ് എഡിറ്റിങ്' ഫീച്ചറും ഇന്ത്യയിൽ റദ്ദാക്കാൻ നിർദ്ദേശമുണ്ട്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടും സാമ്പത്തിക തട്ടിപ്പുകൾക്കായും ടെലിഗ്രാം ബോട്ടുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വാട്സാപ്പിൽ ഒരക്കൗണ്ടിൽ ഒരു ബോട്ട് മാത്രമേ സാധ്യമാകൂ എന്നതിരിക്കെ, ടെലിഗ്രാമിൽ ഒരാൾക്ക് 40 ബോട്ടുകൾ വരെ നിർമ്മിക്കാം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) റിപ്പോർട്ടുകൾ പ്രകാരം ഇത്തരം അക്കൗണ്ടുകൾ വഴിയുള്ള കുറ്റകൃത്യങ്ങൾ ട്രാക്ക് ചെയ്യുക പ്രായോഗികമല്ല.
ഒരു ചാനൽ നിരോധിച്ചാൽ നിമിഷങ്ങൾക്കകം അതിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളെ പുതിയ ചാനലിലേക്ക് മാറ്റാൻ ടെലിഗ്രാമിന്റെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിൽ സാധിക്കും. ഇത് പരീക്ഷാ അട്ടിമറി സംഘങ്ങൾക്ക് വലിയ സഹായമാകുന്നു.
കേന്ദ്ര നടപടി അമിതവും ഏകപക്ഷീയവുമാണെന്ന് ടെലിഗ്രാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചു. സർക്കാരും നാഷണൽ ടെസ്റ്റിങ് ഏജൻസിയും ചൂണ്ടിക്കാണിച്ച നീറ്റുമായി ബന്ധപ്പെട്ട 900-ലധികം നിയമവിരുദ്ധ ലിങ്കുകൾ ആപ്പിൽ നിന്ന് മണിക്കൂറുകൾക്കകം നീക്കം ചെയ്തിരുന്നു.
ഇന്ത്യയിലെ 15 കോടിയോളം വരുന്ന സാധാരണ ഉപയോക്താക്കളെയും പഠന സാമഗ്രികൾക്കായി ഈ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും അധ്യാപകരെയുമാണ് ഈ താൽക്കാലിക നിരോധനം നേരിട്ട് ബാധിക്കുന്നത്.
ഏതെങ്കിലും ചിലർ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ പേരിൽ ഒരു ആപ്പ് മുഴുവനായി നിരോധിക്കുന്നത് ശരിയല്ലെന്നും ടെലിഗ്രാം വാദിച്ചു. കക്ഷികൾക്ക് അധിക വാദമുഖങ്ങൾ സമർപ്പിക്കാൻ സമയം അനുവദിച്ച കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു.










0 comments