ad
Deshabhimani

മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടുന്നു; ഉപഭോക്താക്കൾക്ക് വൻ പ്രഹരം

Mobile

Photo: Social Media

വെബ് ഡെസ്ക്

Published on Sep 03, 2026, 12:11 PM | 2 min read

ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നിവ മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ വർധിപ്പിക്കുന്നു. 10 മുതൽ 15 ശതമാനം വരെ താരിഫ് വർധന അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നടപ്പാക്കും.


നേരിട്ടുള്ള നിരക്ക് വർധനയ്ക്ക് പുറമെ, ജനപ്രിയ പ്രീപേയ്ഡ് പ്ലാനുകൾ നിർത്തലാക്കികൊണ്ടുള്ള പരോക്ഷമായ നിരക്ക് വർധന നടപ്പാക്കുന്ന തന്ത്രമാണ് നിലവിൽ എയർടെൽ, ജിയോ ഉൾപ്പെടെയുള്ള കമ്പനികൾ സ്വീകരിക്കുന്നത്. 299, 319, 579, 619, 649 രൂപയുടെ ജനപ്രിയ പ്രീപേയ്ഡ് പ്ലാനുകൾ എയർടെൽ പിൻവലിച്ചു.


ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചിരുന്ന 299 രൂപയുടെ പ്ലാൻ നിർത്തിയതോടെ, ഉപഭോക്താക്കൾ ഇനി മുതൽ 349 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കേണ്ടി വരും. ഫലത്തിൽ 16 ശതമാനത്തോളം പരോക്ഷ നിരക്ക് വർധനയാണ് ഇവിടെ ഉണ്ടാകുന്നത്. എങ്കിലും 199, 219 രൂപയുടെ പാക്കുകളിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല.


സ്വകാര്യ ടെലികോം കമ്പനികളുടെ 28 ദിവസത്തെ അടിസ്ഥാന പ്ലാനുകളിൽ ജിയോയാണ് മറ്റുള്ളവയെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ (349) സേവനം നൽകുന്നത്. അതേസമയം എയർടെലും വിഐയും ഒരേ നിരക്കിലാണ് (399) സമാന പ്ലാനുകൾ നൽകുന്നത്.


ഒരു ഉപഭോക്താവിൽ നിന്ന് പ്രതിമാസം ലഭിക്കുന്ന ശരാശരി വരുമാനം വർധിപ്പിക്കുക എന്നതാണ് കമ്പനികളുടെ ഈ നീക്കത്തിന് പിന്നിൽ. ജൂണിലെ കണക്കനുസരിച്ച് ഒരു ഉപഭോക്താവിൽ നിന്ന് എയർടെലിന് ശരാശരി 264 രൂപ ലഭിക്കുമ്പോൾ ജിയോയ്ക്ക് 215.6 രൂപയും വിഐക്ക് 177 രൂപയുമാണ്.


കടബാധ്യത നേരിടുന്ന വിഐക്ക് സാമ്പത്തിക നില മെച്ചപ്പെടുത്താൻ നിരക്ക് വർധനയിലൂടെ ഓരോ ഉപഭോക്താവിൽ നിന്നും ലഭിക്കുന്ന വരുമാനം ഉയർത്തേണ്ടത് അത്യാവശ്യമാണ്. ഒപ്പം 5ജി നെറ്റ്‌വർക്കിനായി നടത്തിയ വൻ നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്താനും ടെലികോം കമ്പനികൾ ലക്ഷ്യമിടുന്നു.

2016 സെപ്റ്റംബർ അഞ്ചിനാണ് സൗജന്യ വോയിസ് കോളുകളും അൺലിമിറ്റഡ് ഇന്റർനെറ്റ് സേവനങ്ങളും നൽകി റിലയൻസ് ജിയോ ഇന്ത്യൻ ടെലികോം വിപണിയിലേക്ക് കടന്നുവന്നത്. 2017 മാർച്ച് 31 വരെ ഈ സൗജന്യ സേവനം തുടർന്നു. എന്നാൽ ഇന്ന് വിപണിയിലെ സാഹചര്യം പൂർണ്ണമായും മാറി. നിലവിൽ കോളുകൾക്കും ഡാറ്റയ്ക്കുമായി പ്രത്യേകം ഉയർന്ന നിരക്കുകളാണ് കമ്പനികൾ ഈടാക്കുന്നത്.


സ്വകാര്യ ടെലികോം കമ്പനികൾ ഉപഭോക്താക്കളിൽ നിന്ന് വൻതുക നിരക്കായി ഈടാക്കുമ്പോഴും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന് വിപണിയിൽ ചലനമുണ്ടാക്കാൻ സാധിക്കുന്നില്ല. മോശം സേവന നിലവാരം കാരണം ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിൽ നിന്ന് അകലുന്ന അവസ്ഥയാണ്. രാജ്യമെമ്പാടും സ്വകാര്യ കമ്പനികൾ 5ജി ഘട്ടത്തിലേക്ക് കടന്നിട്ടും, പലയിടങ്ങളിലും 4ജി നെറ്റ്‌വർക്ക് പോലും കൃത്യമായി എത്തിക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചിട്ടില്ല.


അതുകൊണ്ടുതന്നെ മറ്റ് കമ്പനികൾ നിരക്ക് വർധിപ്പിക്കുമ്പോഴും ബിഎസ്എൻഎൽ നെറ്റ്‌വർക്കിലേക്ക് മാറാൻ ഉപഭോക്താക്കൾ തയ്യാറാകുന്നില്ല. സ്വകാര്യ കമ്പനികളും പൊതുമേഖലാ സ്ഥാപനവും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ പ്രകടമാകുന്നത്."



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home