ഉച്ചഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ: തെലങ്കാനയിൽ 22 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംഗറെഡ്ഡി: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ സർക്കാർ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിലെ ഒരു പ്രൈമറി സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം.
സ്കൂളിൽ നിന്ന് വിളമ്പിയ ചോറും സാമ്പാറും കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് കഠിനമായ വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവരെ ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് നാരായൺഖേഡ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭക്ഷണത്തിന്റെ ഗുണനിലവാരക്കുറവാണോ വിഷബാധയ്ക്ക് കാരണമായതെന്ന് കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments