'മെഗാ കേരള ലോട്ടറി' എന്ന പേരിൽ വൻ തട്ടിപ്പ്; തെലങ്കാന സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ

ഹൈദരാബാദ്: കേരള ലോട്ടറിയുടെ പേരിൽ വ്യാജ ഓൺലൈൻ ആപ്പ് നിർമ്മിച്ച് നടത്തിയ തട്ടിപ്പിൽ തെലങ്കാന സ്വദേശിയായ യുവാവിന് 7.73 ലക്ഷം രൂപ നഷ്ടമായി. ഹൈദരാബാദിലെ ബഡംഗപ്പേട്ട് സ്വദേശിയായ 43-കാരനാണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്കിൽ കണ്ട പരസ്യത്തിലൂടെയാണ് യുവാവ് തട്ടിപ്പുകാരുടെ വലയിൽ വീണത്.
ഫേസ്ബുക്കിൽ ലോട്ടറി സംബന്ധിച്ച പരസ്യം കണ്ടതിന് പിന്നാലെ യുവാവിന് വാട്സാപ്പിൽ ഒരു സന്ദേശം ലഭിച്ചു. 'മെഗാ കേരളാ ലോട്ടറി' എന്ന പേരിലുള്ള ഗെയിമിംഗ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
ആപ്പ് ഇൻസ്റ്റാൾ ചെയ്ത യുവാവ് ഒരു മാസത്തോളമായി ഇതിൽ ഗെയിം കളിക്കുകയും ഓൺലൈനായി ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയും ചെയ്തു. പേടിഎം, ക്രെഡിറ്റ് കാർഡ് എന്നിവ വഴിയും കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയും യുവാവ് പണം കൈമാറി.
ആദ്യ ഘട്ടങ്ങളിൽ ചെറിയ തുകകൾ സമ്മാനമായി നൽകി വിശ്വാസം നേടിയെടുത്ത തട്ടിപ്പുകാർ, പിന്നീട് യുവാവിന്റെ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ട വിവരം യുവാവ് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക കേരള ലോട്ടറിക്ക് ഓൺലൈൻ വിൽപനയോ ആപ്പുകളോ ഇല്ലെന്നും, സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.









0 comments