ഭാരം ചുമക്കുന്നവർ 'വെള്ളം കോരികളല്ല'; തൊഴിലാളികളുടെ സമ്മേളനത്തിനൊരുങ്ങി കോട്ടയം

കോട്ടയം പച്ചക്കറി മാർക്കറ്റിൽ ചുമടെടുക്കുന്ന സിഐടിയു തൊഴിലാളികൾ
കോട്ടയം: ഭാരം ചുമക്കുന്നവർ ട്രേഡ് യൂണിയനിലൂടെ അവകാശബോധമുള്ളവരായി മാറിയതിൻ്റെ കഥ പറയാനുണ്ട് കോട്ടയത്തിന്. ചുമട്ടുതൊഴിലാളികൾ ഒരു നാട്ടിലെ നിത്യവൃത്തിയുടെ ഭാഗമാണ്. കച്ചവടങ്ങളിൽ അവരില്ലാതെ ഒരു ദിവസംപോലും കടന്നുപോകില്ല.
ചുമട്ടുതൊഴിലാളികൾക്ക് അവകാശങ്ങളും ആനുകൂല്യങ്ങളുമില്ലാതെ ചൂഷണത്തിന് വിധേയരായിരുന്ന കാലമുണ്ടായിരുന്നു. അതിൽനിന്ന് പുതിയ കാലത്തേക്ക് അവർ മുന്നേറിയത് സിഐടിയുവിലൂടെയാണ്. കോട്ടയം നഗരത്തിൽ 1970ൽ എംഎൽ റേഡ് കേന്ദ്രീകരിച്ചായിരുന്നു ചുമട്ടുതൊഴിലാളികളുടെ സംഘടന രൂപീകരിച്ചത്.
അതിനുമുമ്പും തൊഴിലാളികൾ സിപിഐ എമ്മിനോട് ചേർന്ന് പ്രവർത്തിച്ചിരുന്നു. ഇവരുടെ തൊഴിൽ ഐഎൻടിയുസിക്കാർ നിരന്തരമായി തട്ടിയെടുത്തിരുന്നു. കിട്ടിയ തൊഴിൽ തടസപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്താൽ ഐഎൻടിയുസി-കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണിയും അക്രമവും നേരിടേണ്ടിവന്നു.
തുടർന്നാണ് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ് സ് അസോസിയേഷൻ( സിഐടിയു) രൂപീകരിക്കപ്പെട്ടത്. കെ എം എബ്രഹാം, ഇഎം ജോർജ്, മാണി എബ്രഹാം, എസ് ഗോപൻ, എ പി സെബാസ്റ്റ്യൻ തുടങ്ങിയവരായിരുന്നു ആദ്യകാലത്ത് അസോസിയേഷനെ നയിച്ചത്.
അവകാശങ്ങൾക്കു വേണ്ടി നിരന്തരം ശബ്ദമുയർത്താൻ സംഘടന തൊഴിലാളികളെ പ്രാപ്‌തരാക്കി. തൊഴിൽ മുടക്കിയിരുന്നവർ അതോടെ പത്തിമടക്കി. അടിയന്തരാവസ്ഥക്കാലത്ത് പാർടിക്ക് വലിയ സഹായമായത് ചുമട്ടുതൊഴിലാളികളായിരുന്നു.
പിന്നീട് കെ പി സുഗുണൻ്റെ നേതൃത്വത്തിൽ സംഘടന ജില്ലയിൽ കൂടുതൽ വിപുലമായി. അവകാശബോധത്തിനൊപ്പം തൊഴിലാളികളുടെ ജീവിതത്തിന് കൂടുതൽ അച്ചടക്കം പകരാനും സംഘടന സഹായകമായി ചുമട്ടുതൊഴിലാളി നിയമം പാസാക്കാൻ സംസ്ഥാനത്താകെ നടന്ന സമരത്തിൽ ജില്ലയിലെ ചുമട്ടുതൊഴിലാളികളും നിർണായക പങ്കുവഹിച്ചു. സമരം വിജയമായി.
തൊഴിലാളികൾക്ക് മാന്യമായ വേതനം ലഭിക്കാൻ സമരം സഹായിച്ചു. അവകാശ പോരാട്ടങ്ങൾക്കൊപ്പം ഉയർന്ന രാഷ്ട്രീയ ബോധവുമുള്ളവരായി ജില്ലയിലെ ചുമട്ടുതൊഴിലാളികളെ വളർത്തിയത് സംഘടനയാണ്.








0 comments