നിത്യോപയോഗ സാധന വില വീണ്ടും കുതിക്കുന്നു; അടുക്കളയില്‍ തീയണയും, ഹോട്ടലുകള്‍ പൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്നു. അരിയും സവാളയും മുതൽ പയറു വർഗങ്ങൾക്കും മുളകിനും വരെ പൊള്ളുന്ന വിലയാണ്. മെയ് മാസം മുതൽ ആരംഭിച്ച വിലക്കയറ്റം മാസങ്ങൾ പിന്നിട്ടിട്ടും നിയന്ത്രിക്കാനാകാതെ വന്നതോടെ ജനങ്ങളുടെ അടുക്കള ബജറ്റ് പൂർണമായും തകർന്നു.
ആറുമാസത്തിനിടെ സവാള വിലയിൽ മൂന്നിരട്ടിയോളം വർധനയാണുണ്ടായിരിക്കുന്നത്. മേയിൽ കിലോയ്ക്ക് 18 മുതൽ 25 രൂപ വരെയായിരുന്ന സവാളക്ക് ഒക്ടോബർ അവസാനത്തോടെ 55 മുതൽ 65 രൂപവരെയായി. നവംബർ ആദ്യ വാരമായപ്പോൾ ഇത് 80 രൂപയോടടുത്താണ് എത്തിയത്. ആഗസ്‌തുമുതലാണ് വിലയിൽ വലിയ കുതിപ്പുണ്ടായത്. നിത്യോപയോഗ സാധനങ്ങളിലൊന്നായ സവാളവിലയിലെ ഈ കുതിച്ചുചാട്ടം ഹോട്ടൽ മേഖലയേയും ചെറുകിട ഭക്ഷ്യവ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അരി ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങൾക്ക് വിപണിയിൽ വൻ വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കുത്തരി, ചാക്കരി വില മൊത്തവിപണിയിൽ കിലോയ്ക്ക് നാല് രൂപ വരെ കൂടി. മട്ട അരി ചില്ലറവിപണിയിൽ കിലോയ്ക്ക് 50 രൂപയിൽനിന്ന് ഒറ്റയടിക്ക് 65 രൂപയായും സുലേഖ അരി 45-ൽനിന്ന് 55 രൂപയായും, ജയ അരി 45-ൽ നിന്ന് 54 രൂപയായും ഉയർന്നു. മൊത്ത വിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 10 രൂപ കൂടി 53 രൂപയായി.
തുവരപ്പരിപ്പിന് 170 രൂപയും സാധാരണ പരിപ്പിന് 70 രൂപയുമാണ് വില. രണ്ടാഴ്ചയ്‌ക്കിടയിൽ രണ്ട് പ്രാവശ്യമായി 12 രൂപ വർധിച്ച് ഉഴുന്നിന്റെ മൊത്ത വില 138 ആയി ഉയർന്നപ്പോൾ പലയിടത്തും ചില്ലറവില 150 രൂപ കടന്നു. 230 രൂപയിൽ നിന്നിരുന്ന മുളക് വില 360ലേക്കും, മഞ്ഞൾ 180ൽനിന്ന് 300 രൂപയായും കുതിച്ചുയർന്നു. കടലയ്ക്ക് പത്ത് രൂപ വരെ വർധിച്ച് 95 രൂപയും, വൻപയറിന് 120 രൂപയുമാണ് വില. പഞ്ചസാര വിലയും വീണ്ടും കൂടാൻ തുടങ്ങി. നിലവിൽ മൊത്തവില 54 രൂപയാണ്. നിലവിൽ സ്റ്റോക്കുള്ള ഗോതമ്പ് പൊടിക്ക് മൊത്തവില 38 രൂപയാണെങ്കിലും പുതിയ സ്റ്റോക്ക് എത്തുമ്പോൾ വില രണ്ട് രൂപ വരെ വർധിക്കും.
വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ നടത്തിയ ഇടപെടലുകളും പാഴായതോടെയാണ് സാധാരണക്കാർ ദുരിതത്തിലായത്. അരിവില വർധിച്ചതോടെ ഹോട്ടലുകളിൽ ഊണിന് വില വർധിപ്പിക്കേണ്ടി വരുമെന്ന ആശങ്കയും ശക്തമാണ്. പരിപ്പ് വർഗ്ഗങ്ങളുടെയും മുളകിന്റെയും വിലയും കുതിച്ചുയരുകയാണ്. ദീപാവലിക്കാലമായതോടെ ഉഴുന്നിന്റെ വിലയും കൂടുതൽ വർധിച്ചിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം വിവിധ മേഖലകളിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾക്ക് പുറമേയാണ് മലയാളിയുടെ നിത്യജീവിതത്തിന് തിരിച്ചടിയായി ഈ വിലക്കയറ്റം. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ സഹായിക്കേണ്ട സർക്കാർ മൗനത്തിലാണ്. മുൻ സർക്കാരിന്റെ കാലത്ത് ജനക്ഷേമ പദ്ധതികളിലൂടെ അവശ്യസാധന വില കൃത്യമായി നിയന്ത്രണ വിധേയമാക്കിയിരുന്നു. ഓണക്കാലം ലക്ഷ്യമിട്ട് വിപണി ഇടപെടൽ നടത്തിയിരുന്നെങ്കിൽ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചുനിർത്താമായിരുന്നു. അതുണ്ടാകാത്തതാണ് പിന്നീടുള്ള മാസങ്ങളിൽ വില വീണ്ടും കുതിച്ചുയരാൻ കാരണം.








0 comments