Deshabhimani

സിഐടിയു സംസ്ഥാന സമ്മേളനം: കൊടിമര ജാഥ നാളെ പ്രയാണമാരംഭിക്കും

CITU.jpg
വെബ് ഡെസ്ക്

Published on Nov 05, 2026, 02:01 PM | 1 min read

പാമ്പാടി: തൊഴിലാളി വർഗ്ഗത്തിന്റെ പോരാട്ടവീര്യവും ഉജ്ജ്വലമായ സമരപാരമ്പര്യവും വിളംബരം ചെയ്ത് സിഐടിയു 16-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കൊടിമര ജാഥ നാളെ (നവംബർ 6, വെള്ളിയാഴ്ച) പ്രയാണമാരംഭിക്കും.


പാമ്പാടി വെള്ളൂരിലെ സ. കെ എം ഏബ്രഹാം സ്മൃതി മണ്ഡപത്തിൽനിന്ന് ഉച്ചയ്ക്ക് 2.30-ഓടെയാണ് ജാഥ പ്രയാണം തുടങ്ങുന്നത്. മുതിർന്ന നേതാവ് വൈക്കം വിശ്വൻ കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും. ജാഥയുടെ ക്യാപ്റ്റനായി ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയയും മാനേജരായി ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ. വിശ്വനാഥനും നേതൃത്വം നൽകും.


​മറ്റ് കേന്ദ്രങ്ങളിൽനിന്നുള്ള പതാക, കപ്പി-കയർ ജാഥകൾക്കൊപ്പം നാളെ (നവംബർ 6, വെള്ളിയാഴ്ച) വൈകുന്നേരം 4 മണിയോടെ കളക്ടറേറ്റിന് സമീപം കൊടിമര ജാഥ സംഗമിക്കും. തുടർന്ന് തൊഴിലാളി വർഗ്ഗത്തിന്റെ അഭിമാന പതാക വാനിലുയർത്തി സംയുക്ത റാലിയായി കോട്ടയം നഗരത്തിലേക്ക് പ്രവേശിക്കും.


​നവംബർ 7, 8, 9 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ (ആനത്തലവട്ടം ആനന്ദൻ നഗർ) പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാനത്തെ വിവിധ മേഖലകളിൽനിന്നുള്ള അറുനൂറിലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളാകും. നവംബർ 9-ന് (തിങ്കളാഴ്ച) കോട്ടയം തിരുനക്കര (വി.എസ്. അച്യുതാനന്ദൻ നഗർ) ഒരു ലക്ഷം പേർ അണിനിരക്കുന്ന മഹാറാലിയോടെ സമ്മേളനം സമാപിക്കും.


‘ഇടതുപക്ഷ ബദലും തൊഴിലാളിവർഗവും’ സെമിനാർ ഇന്ന്‌


കോട്ടയം: സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എ വി റസൽ നഗറിൽ(തിരുനക്കര മൈതാനം) വ്യാഴം വൈകിട്ട്‌ 4.30ന്‌ ‘ഇടതുപക്ഷ ബദലും തൊഴിലാളിവർഗവും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും.


സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. വൈക്കം വിശ്വൻ അധ്യക്ഷനാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, സ്‌റ്റീഫൻ ജോർജ്‌, എളമരം കരീം, ടി പി രാമകൃഷ്‌ണൻ, വി എൻ വാസവൻ, കെ ജെ തോമസ്‌ എന്നിവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home