ഭാര്യയെ കസേരയിൽ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന് ഭർത്താവ്

കനൗജ്: ഭാര്യയെ കസേരയിൽ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ ജഗത്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. 30 വയസ്സുള്ള സോനം ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം രണ്ടു മക്കളുമായി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ഭർത്താവ് സുഖ്ബീർ സിംഗിനെ (35) പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. ഹരിയാനയിലെ ഹിസാറിൽ സ്വകാര്യ ജോലി ചെയ്യുന്ന സുഖ്ബീർ സിംഗ് 15 ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്ക് പ്രദേശവാസിയായ യുവാവുമായി ബന്ധമുണ്ടെന്ന് സുഖ്ബീർ സംശയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് രണ്ടുദിവസം മുൻപ് പ്രാദേശിക പൊലീസ് ഔട്ട്പോസ്റ്റിൽ വെച്ച് ഇരുവിഭാഗങ്ങളെയും വിളിപ്പിച്ചു പഞ്ചായത്ത് ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ സുഖ്ബീറിനൊപ്പം ജീവിക്കാൻ സോനം സമ്മതിച്ചിരുന്നു. എന്നാൽ അന്നേദിവസം വൈകുന്നേരം സോനവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഇതിനെ തുടർന്ന് തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും കുടുംബവഴക്ക് രൂക്ഷമായി.
വ്യാഴാഴ്ച രാവിലെ സോനത്തെ കസേരയിൽ കൂട്ടിക്കെട്ടി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വീടിനുള്ളിൽ നിന്ന് പുകയും തീയും ഉയർന്നത് കണ്ട് എത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് ഫയർഫോഴ്സ് തീയണച്ചത്. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ സോനത്തിന്റെ കരിഞ്ഞുണങ്ങിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെ 7 വയസ്സുള്ള മകനെയും 5 വയസ്സുള്ള മകളെയും കൂട്ടി സുഖ്ബീർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇയാളെ പിടികൂടി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും കേസിൽ തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.









0 comments