തെലങ്കാനയിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: അത്താഴം കഴിച്ച 52 വിദ്യാർഥികൾ ആശുപത്രിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ ജോഗുലാംബ ഗഡ്‌വാൾ ജില്ലയിലുള്ള സർക്കാർ വെൽഫെയർ ഹോസ്റ്റലിൽ അത്താഴം കഴിച്ച അമ്പതിലധികം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 52 വിദ്യാർത്ഥികളെ ഛർദ്ദിയും വയറുവേദനയും കാരണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിക്യാല മണ്ഡലിലെ ധർമ്മവാരം എന്ന സ്ഥലത്തുള്ള ബോയ്സ് ഹോസ്റ്റലിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി അത്താഴത്തിന് സാമ്പാർ, ചോറ്, കാബേജ് കറി എന്നിവയാണ് കുട്ടികൾക്ക് നൽകിയത്. ഇതിനു പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്.
വിദ്യാർത്ഥികളെ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. ചികിത്സയിലായിരുന്ന 32 വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്തു. ബാക്കിയുള്ളവർ നിരീക്ഷണത്തിലാണെന്നും ഹോസ്റ്റലിൽ ഒരു മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെന്നും ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് മാധ്യമവാർത്തകൾ വന്നതിനെ തുടർന്ന് തെലങ്കാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന ചീഫ് സെക്രട്ടറിയോട് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നവംബർ 24-നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഷമീം അക്തർ അധ്യക്ഷനായ കമ്മീഷൻ നിർദ്ദേശം നൽകി.










0 comments