അമിതവേഗതയിലെത്തിയ ബൈക്ക് കാറിലിടിച്ച് അഞ്ച് മരണം

അപകടം നടന്ന സ്ഥലം പൊലീസ് പരിശോധിക്കുന്നു
മഹബൂബ് നഗർ: തെലങ്കാനയിൽ ബൈക്ക് കാറിലിടിച്ച് അഞ്ച് പേർ മരിച്ചു. മഹബൂബ് നഗറിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. അമിതവേഗതയിലെത്തിയ സൂപ്പർ ബൈക്കായ സുസുക്കി ഹയബൂസ നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പാലകൊണ്ട ബൈപാസ് റോഡിൽ വച്ചായിരുന്നു സംഭവം. രാത്രികാലങ്ങളിൽ നടക്കുന്ന നിയമവിരുദ്ധ ബൈക്ക് റേസിംഗാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
മണിക്കൂറിൽ 140 കിലോമീറ്ററിലധികം വേഗതയിലായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അർഷിയ ബീഗം (30), ഉജേപ (7), രണ്ട് വയസ്സുകാരൻ അമർ എന്നിവരാണ് കാറിലുണ്ടായിരുന്ന മരിച്ചവർ.
ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഇതിലൊരാൾ യാക്കൂബ് അഫ്സൽ (25) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇവരിൽ ആരാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല.
രാത്രികാലങ്ങളിൽ ഈ ബൈപാസ് റോഡിൽ യുവാക്കൾ അപകടകരമായ റേസിംഗ് നടത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സ്പോർട്സ് ബൈക്കുകളിൽ അഭ്യാസപ്രകടനങ്ങളും അമിതവേഗതയും പതിവാണെന്നും, പലതവണ പരാതിപ്പെട്ടിട്ടും പൊലീസ് കർശന നടപടിയെടുത്തില്ലെന്നും അവർ പ്രതികരിച്ചു. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും സ്പീഡ് ഗണ്ണുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ച് ഇത്തരം നിയമവിരുദ്ധ റേസിംഗുകൾക്ക് തടയിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.











0 comments