രാഘോപുരിൽനിന്ന് പടനയിച്ച് തേജസ്വി

ബിഹാറിലെ രാഘോപുർ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർഥി തേജസ്വി യാദവിനുവേണ്ടി സഹോദരി മിസ ഭാരതി റുസ്‌തംപുർ ഗ്രാമത്തിൽ പ്രചാരണത്തിന് എത്തിയപ്പോൾ . ഫോട്ടോ: പി വി സുജിത്

എം അഖിൽ
Published on Nov 05, 2025, 12:15 AM | 1 min read
വൈശാലി: ‘ഇക്കുറി നിങ്ങൾ വോട്ടുചെയ്യേണ്ടത് എംഎൽഎയെ തെരഞ്ഞെടുക്കാനല്ല; ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാണ്. ഇത്തവണ ഞാൻ മത്സരിക്കുന്നത് ഇവിടെനിന്ന് മാത്രമല്ല; ബിഹാറിലെ മുഴുവൻ മണ്ഡലങ്ങളിൽ നിന്നുമാണ്’– രാഘോപുരിൽ ജനവിധി തേടുന്ന തേജസ്വി യാദവ് വോട്ടഭ്യർഥിക്കുന്നു. ഗംഗയാൽ ചുറ്റപ്പെട്ട തുരുത്ത് പോലെയുള്ള നാട്ടിൽ തേജസ്വി ജനവിധി തേടുന്നത് മൂന്നാംതവണ. 2020ൽ ഭൂരിപക്ഷം 38,000. ഇക്കുറി 50,000 കടക്കുമെന്ന് ആർജെഡി നേതാവ് ജിതേന്ദ്ര യാദവ് ദേശാഭിമാനിയോട് പറഞ്ഞു.
മഹാസഖ്യത്തിന്റെ മുഖമായ തേജസ്വിക്ക് ഇക്കുറി സ്വന്തം തട്ടകത്തിൽ വോട്ടുതേടാൻ അധികം സമയം കിട്ടിയിട്ടില്ല. ആർജെഡി സ്ഥാനാർഥികൾക്കും മഹാസഖ്യത്തിലെ മറ്റ് കക്ഷികളുടെ സ്ഥാനാർഥികൾക്കും വോട്ട് തേടി നെട്ടോട്ടമാണ്. ദിവസം 15 മുതൽ 20 വരെ പരിപാടികൾ. പലപ്പോഴും രാത്രി വൈകിയാണ് രാഘോപുരിലെ വോട്ടർമാരെ കാണാനെത്തുന്നത്. എൻഡിഎയ്‌ക്ക് വോട്ടഭ്യർഥിക്കാൻ മോദിയും അമിത്‌ഷായും മറ്റ് കേന്ദ്രമന്ത്രിമാരും യോഗി ആദിത്യനാഥും നിതീഷ്‌കുമാറും ഉൾപ്പടെയുള്ളവരുള്ളപ്പോൾ മഹാസഖ്യത്തിനുവേണ്ടി എല്ലാ മണ്ഡലങ്ങളിലുമെത്തുന്നത് തേജസ്വി മാത്രം.
‘തേജസ്വിജീ ശരിക്കും ഒറ്റയാൾ പട്ടാളമാണ്. ഒരുദിവസം പരമാവധി മണ്ഡലങ്ങളിൽ പരമാവധി പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം ശ്രമിക്കുന്നു. മികച്ച ഭൂരിപക്ഷത്തോടെ പുതിയ സർക്കാരിനെ അധികാരത്തിലെത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം’–രാഘോപുരിലെ വോട്ടർ രാജേഷ്‌കുമാർ പറഞ്ഞു. ‘ദേശീകട്ട’(നാടൻതോക്ക്) കാണിച്ച് മുന്നണി നേതാക്കളെ ഭീഷണിപ്പെടുത്തിയാണ് തേജസ്വി മുഖ്യമന്ത്രി സ്ഥാനാർഥിയായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റാലികളിൽ ആക്ഷേപിക്കുന്നുണ്ട്. എന്നാൽ, തേജസ്വിയുടെ പ്രചാരണത്തിന്റെ ആത്മാർഥതയും ചടുലതയും മോദിയുടെ ആരോപണം പൊളിക്കുന്നു.
‘അനിയന് വോട്ടു തേടി മിസ’
തേജസ്വിക്ക് വേണ്ടി വോട്ടുതേടി സഹോദരി മിസ ഭാരതി മണ്ഡലത്തിൽ സജീവം. പരസ്യ പ്രചാരണത്തിന്റെ അവസാനദിനമായ ചൊവ്വാഴ്‌ച അവർ മണ്ഡലത്തിൽ റോഡ്‌ഷോ നടത്തി. റുസ്‌തംപുർ മുതൽ പഹാർപുർ വരെ നൂറുകണക്കിന് വാഹനങ്ങളുടെ അകന്പടിയോടെയുള്ള റോഡ്‌ഷോ മണ്ഡലത്തെ ഇളക്കിമറിച്ചു. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിനാളുകൾ ലാലുജിയുടെ ബേട്ടിയെ കാണാൻ തടിച്ചുകൂടി. പുതിയ കോളേജും അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രിയുമാണ് തേജസ്വിയുടെ വാഗ്‌ദാനം. ലാലുവും റാബ്രിയും പലവട്ടം ജയിച്ചുകയറിയ രാഘോപുരിൽ തേജസ്വിക്കല്ലാതെ മറ്റാർക്കും ‘വേക്കൻസി’ ഇല്ലെന്ന് വ്യക്തമാക്കുന്നു ആർജെഡിയുടെ റാലികളിലും റോഡ്‌ഷോയിലുമുള്ള വന്പിച്ച ജനപങ്കാളിത്തം.









0 comments