ad
Deshabhimani

ഡെറാഡൂണിൽ ക്രഷറിനുള്ളിൽ പതിനാലുകാരി മരിച്ച നിലയിൽ

death
വെബ് ഡെസ്ക്

Published on Jul 07, 2025, 10:50 AM | 1 min read

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സ്റ്റോൺ ക്രഷർ സമുച്ചയത്തിൽ കൗമാരക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡെറാഡൂൺ ജില്ലയിലെ സുസ്വ നദിയുടെ തീരത്തുള്ള കുഡ്കവാലയിലെ സ്റ്റോൺ ക്രഷർ സമുച്ചയത്തിലെ ഒരു മുറിയിൽ നിന്നാണ് ശനിയാഴ്ച പതിനാലുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് രോഷാകുലരായ നാട്ടുകാർ പ്രദേശത്ത് പ്രതിഷേധം ആരംഭിച്ചു. ക്രഷറിൽ ജോലി ചെയ്തിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതിഷേധക്കാരുമായി സംസാരിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും പെൺകുട്ടിയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഉറപ്പ് നൽകിയതായും പൊലീസ് പറഞ്ഞു.


ചില പെൺകുട്ടികൾ ക്രഷർ പരിസരത്ത് നിന്ന് ചെറിയ ഇരുമ്പ് കഷണങ്ങൾ പെറുക്കുന്നത് ജോലി ചെയ്തിരുന്ന നാല് പേർ കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് ജീവനക്കാർ പെൺകുട്ടികളിൽ ഒരാളെ ഒരു മുറിയിൽ പൂട്ടിയിട്ടതായും മറ്റ് പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. മോഷണം നടന്നെന്ന വിവരം സ്റ്റോൺ ക്രഷർ ജീവനക്കാർ പൊലീസിനെ അറിയിച്ചതായും എന്നാൽ പൊലീസെത്തുന്നതിനു മുമ്പ് പെൺകുട്ടി മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നുമാണ് ക്രഷർ അധികൃതർ പറയുന്നത്.


ഡെറാഡൂണിലെ കൊറോണേഷൻ ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) അജയ് സിംഗ്, കേസിൽ നീതിയുക്തമായ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അറിയിച്ചു. ഋഷികേഷ് പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ ഒരു പ്രത്യേക പൊലീസ് സംഘത്തെ അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സംഭവത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഒരു സ്വതന്ത്ര കൗൺസിലർ മുഖേന കൗമാരക്കാരിക്കൊപ്പമുണ്ടായിരുന്ന മറ്റ് പെൺകുട്ടികളിൽ നിന്ന് ശേഖരിക്കുമെന്ന് അജയ് സിംഗ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഇലക്ട്രോണിക് തെളിവുകളും വിവരങ്ങളും ശാസ്ത്രീയമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്‌വാലി ദോയിവാലയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home