മേലുദ്യോഗസ്ഥരുടെ പീഡനം; മക്കളോടൊപ്പം അധ്യാപകൻ കാർ പുഴയിലേക്ക് ഓടിച്ചിറക്കി ജീവനൊടുക്കി

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദേഡിൽ രണ്ട് പിഞ്ചുമക്കളോടൊപ്പം അധ്യാപകൻ കാർ പുഴയിലേക്ക് ഓടിച്ചിറക്കി ജീവനൊടുക്കി. ഹിമായത്ത് നഗറിലെ പോട്ട ബദ്‌റക് ജില്ലാ പരിഷത്ത് സ്‌ക്കൂളിലെ അധ്യാപകനായ സുനിൽ മോറെ (42), മകൾ സാറ (12), മകൻ സുമിത് (8) എന്നിവരാണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് സുനിൽ പങ്കുവെച്ച വാട്‌സാപ്പ് സ്റ്റാറ്റസാണ് കൂട്ട ആത്മഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ഗോദാവരി പുഴയ്ക്ക് കുറുകെയുള്ള പാലത്തിലായിരുന്നു ദാരുണമായ സംഭവം. സുനിൽ ഓടിച്ചിരുന്ന കാർ പാലത്തിന്റെ മെറ്റൽ റെയിലിംഗുകൾ തകർത്ത് പുഴയിലേക്ക് പതിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ഇതൊരു സാധാരണ റോഡപകടമാണെന്നാണ് കരുതിയതെങ്കിലും, സുനിൽ മനഃപൂർവ്വം കാർ നദിയിലേക്ക് ഓടിച്ചിറക്കുകയായിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.
തന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് സുനിലിനെ ഈ ക്രൂരമായ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
"മേലുദ്യോഗസ്ഥരിൽ നിന്നും സഹിക്കാനാകാത്ത പീഡനമാണ് ഞാൻ നേരിടുന്നത്. അതുകൊണ്ട് എന്റെ മക്കളോടൊപ്പം ഞാൻ ജീവൻ അവസാനിപ്പിക്കുന്നു..." - മരണത്തിന് തൊട്ടുമുമ്പ് സുനിൽ വാട്‌സാപ്പിൽ കുറിച്ച വാക്കുകളാണിത്.
നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പുഴയിൽ നിന്നും കാറും മൂന്ന് പേരുടെയും മൃതദേഹങ്ങളും കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. അധ്യാപകന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് കേന്ദ്രീകരിച്ച്, പീഡനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നന്ദേഡ് പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ഓർക്കുക: ജീവിതത്തിലെ പ്രതിസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. കടുത്ത മാനസിക സമ്മർദങ്ങളിലൂടെ കടന്നുപോകുന്നവർ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ സൗജന്യ ദിശ ഹെൽപ്പ് ലൈൻ നമ്പറായ 1056-ൽ വിളിച്ച് നിങ്ങളുടെ ആശങ്കകൾ പങ്കുവെക്കാം.)











0 comments