ad
Deshabhimani

അധികാരതർക്കം: ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ രാജിവെച്ചു

 N Chandrasekaran

എൻ ചന്ദ്രശേഖരൻ | Photo Credit: Linkdn/ N Chandrasekaran

വെബ് ഡെസ്ക്

Published on Aug 12, 2026, 02:51 PM | 2 min read

മുംബൈ: ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ രാജിവെച്ചു. പദവിയിൽ ആറ് മാസം ശേഷിക്കെയാണ് പടിയിറക്കം. ടാറ്റാ ​ഗ്രൂപ്പിലെ അധികാരതർക്കങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.


ടാറ്റ ട്രസ്റ്റ്‌സിന്റെ ചെയർമാനായ നോയൽ ടാറ്റയുടെ എതിർപ്പിനെത്തുടർന്ന്, ചന്ദ്രശേഖരനെ ചെയർമാനായി വീണ്ടും നിയമിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നുണ്ടായിരുന്നു. ആ​ഗസ്ത് 18ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജി പ്രഖ്യാപനം.


കഴിഞ്ഞ കാലയളവിൽ ടാറ്റ സൺസിനെ നയിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണ് എന്ന് ചന്ദ്രശേഖരൻ പ്രസ്താവനയിൽ പറഞ്ഞു. "ടാറ്റ സൺസിന്റെ ചെയർമാൻ എന്ന നിലയിലുള്ള ഇപ്പോഴത്തെ കാലാവധി 2027 ഫെബ്രുവരി 20ന് അവസാനിക്കുക. സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും കാലാവധി അഞ്ചു വർഷത്തേക്ക് നീട്ടണമെന്ന് ഏകകണ്ഠമായി തീരുമാനിക്കുകയും ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ടാറ്റ സൺസ് നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയും ബോർഡും ഇത് രേഖപ്പെടുത്തുകയും ശുപാർശ ചെയ്യുകയും ചെയ്തു. തുടർന്ന് 2026 ഫെബ്രുവരി 24ലെ ടാറ്റ സൺസ് ബോർഡ് യോഗത്തിൽ ഈ പ്രമേയം അവതരിപ്പിച്ചു. എന്നാൽ, ബോർഡ് അംഗങ്ങളിൽ ഒരാൾ ഇതിനെ പിന്തുണയ്ക്കാത്തതിനാൽ പ്രമേയം പാസ്സായില്ല. ആ ബോർഡ് യോഗം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും ഇതുവരെയും ഒരു തീരുമാനവും എടുത്തില്ല. ടാറ്റ സൺസ് വളരെ വലിയൊരു സ്ഥാപനമാണ്, നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന നിരവധി തന്ത്രപ്രധാനമായ പ്രൊജക്ടുകൾ നിലവിലുണ്ട്. 2027 ഫെബ്രുവരിക്ക് ശേഷവും ഗ്രൂപ്പിനെ നയിക്കാൻ ഒരു നേതാവ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ജീവനക്കാർക്കും നിക്ഷേപകർക്കും പങ്കാളികൾക്കും മറ്റ് ഓഹരി ഉടമകൾക്കും നേതൃത്വത്തെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും" ചന്ദ്രശേഖരൻ പ്രസ്താവനയിൽ പറഞ്ഞു.


1987ൽ ടാറ്റ ഗ്രൂപ്പിൽ ചേർന്ന ചന്ദ്രശേഖരൻ, 2009ൽ ടിസിഎസിന്റെ സിഇഒ ആയി. തുടർന്ന് 2017ലാണ് ടാറ്റ സൺസ് ചെയർമാനായി ചുമതലയേറ്റത്.


ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ വിപണിയിൽ ടാറ്റ ഗ്രൂപ്പ് ഓഹരികൾ കനത്ത നഷ്ടം രേഖപ്പെടുത്തി. ടിസിഎസ് ഓഹരികൾ 4 ശതമാനവും ടാറ്റ മോട്ടോഴ്സ് പിവി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് എന്നിവ യഥാക്രമം 2.55%, 1.61% എന്നിങ്ങനെ ഇടിവോടെയാണ് വ്യാപാരം നടത്തിയത്. ടൈറ്റൻ, ടാറ്റ സ്റ്റീൽ തുടങ്ങിയ മറ്റ് ഗ്രൂപ്പ് ഓഹരികളും ഏകദേശം 2 ശതമാനത്തോളം ഇടിഞ്ഞു.


ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, എയർ ഇന്ത്യ ഉൾപ്പെടെ 30ൽ അധികം കമ്പനികളെ ടാറ്റ സൺസ് നിയന്ത്രിക്കുന്നുണ്ട്. ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിനാണ് ഇതിന്റെ 66% ഓഹരി പങ്കാളിത്തമുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home