മഥുര മസ്ജിദ് തർക്കം; ഹർജി പരിഗണിക്കുന്നത് സെപ്റ്റംബർ രണ്ടിലേക്ക് മാറ്റി

ന്യൂഡൽഹി: മഥുര മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി സെപ്റ്റംബർ രണ്ടിന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് എതിർകക്ഷികൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി മാറ്റിയത്.
പരാതിക്കാർ തമ്മിൽ ചർച്ചകൾ നടന്നു വരികയാണെന്നും ഒരു ഒത്തുതീർപ്പിന് സാധ്യതയുണ്ടെന്നും അതിനാൽ കേസ് നീട്ടുന്നത് അത്ര ഉചിതമല്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ പതിനേഴാമതായി സ്യൂട്ട് നൽകിയ കക്ഷിയെ ‘ഭഗവാൻ കൃഷ്ണന്റെ മുഴുവൻ ഭക്തരുടെയും പ്രതിനിധി’യെന്ന നിലയിൽ അംഗീകരിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഒന്നാം സ്യൂട്ട് നൽകിയ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മുഴുവൻ വിശ്വാസികളെയും പ്രതിനിധീകരിക്കാൻ പതിനേഴാമതായി മാത്രം സ്യൂട്ട് നൽകിയ കക്ഷിയെ അനുവദിച്ച ഹൈക്കോടതി തീരുമാനം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളുടെ ഹർജി കോപ്പി പേസ്‌റ്റ് അടിച്ച് നൽകുകയായിരുന്നുവെന്നും ഒന്നാം കക്ഷിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു.
ഹൈക്കോടതി മറ്റ് കക്ഷികൾക്ക് നോട്ടീസ് അയക്കുകയോ നടപടിക്രമങ്ങൾ പിന്തുടരുകയോ ചെയ്‌തില്ല. അയോധ്യയ്‌ക്ക് ശേഷം അടുത്ത രാഷ്‌ട്രീയ പദ്ധതിയായി ആർഎസ്‌എസും തീവ്രഹിന്ദുത്വവാദികളും പ്രഖ്യാപിച്ചിരിക്കുന്നതാണ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്. ശ്രീകൃഷ്‌ണന്റെ ജന്മസ്ഥലമാണിതെന്ന് അവകാശപ്പെടുന്ന തീവ്രഹിന്ദുത്വവാദികൾ മസ്‌ജിദ് പൊളിച്ച് നീക്കാനാണ് കോടതി വഴി ശ്രമിക്കുന്നത്.










0 comments