ad
Deshabhimani

വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡ് അനിശ്ചിതത്വത്തിൽ; ഡിപിആർ പുനഃപരിശോധിച്ചെന്ന് കേന്ദ്രം

Vizhinjam Navaikulam outer ring road
വെബ് ഡെസ്ക്

Published on Aug 12, 2026, 04:07 PM | 1 min read

ന്യൂഡൽഹി : കേന്ദ്രത്തിന്റെ അനാസ്ഥയെത്തുടർന്ന് തിരുവനന്തപുരം വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി അനിശ്ചിതത്വത്തിൽ. ഡിപിആർ പുനഃപരിശോധിച്ചെന്ന് കേന്ദ്രം രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയിൽ പറഞ്ഞു. കുന്നിടിക്കൽ കുറയ്ക്കാനായി ടണലുകളും വയഡക്ടുകളും ഉൾപ്പെടുത്തുന്ന രീതിയിലാണ് പുതുക്കിയ രൂപകൽപ്പനയെന്നും കേന്ദ്രം അറിയിച്ചു


ഇത് എൻഎച്ച്-66 നിർമാണരീതികളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. കേരളത്തിന്റെ ഭൂപ്രകൃതി, മണ്ണിന്റെ സ്വഭാവം, മൺസൂൺ എന്നിവ കണക്കിലെടുക്കാതെയുള്ള കുന്നിടിക്കലും നിർമാണപ്രവൃത്തികളും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രം അംഗീകരിക്കുന്നതായാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് എംപി പറഞ്ഞു.


പദ്ധതി രൂപകൽപ്പനയിൽ മാറ്റം വരുത്തിയത് വ്യക്തമാക്കിയെങ്കിലും ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടില്ല. പദ്ധതി അന്തിമമായി അം​ഗീരിച്ചെങ്കിൽ മാത്രമേ നഷ്ടപരിഹാരം നൽകൂവെന്നാണ് കേന്ദ്രത്തിന്റെ മറുപടി. അതിനാൽ ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിരവധി ഉടമകൾക്ക് ഇനിയും അനിശ്ചിതകാലം കാത്തിരിക്കേണ്ടിവരും. ഔട്ടർ റിങ് റോഡ് പദ്ധതിക്കായുള്ള കേന്ദ്ര നിക്ഷേപവും ഉറപ്പായിട്ടില്ല. വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷമേ നിക്ഷേപം ഉണ്ടാകൂ എന്നാണ് കേന്ദ്രം പറയുന്നത്.


പാരിസ്ഥിതികാനുമതിയുടെ പേരിലാണ് കേന്ദ്ര സ‌ർക്കാർ അനാവശ്യമായി പദ്ധതി വൈകിപ്പിക്കുന്നത്. എന്നാൽ യുഡിഎഫ് സർക്കാർ വിഷയത്തിൽ അനങ്ങുന്നില്ല. കേന്ദ്ര സർക്കാരിന്റെ അനാസ്ഥ കണ്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി വി ഡി സതീശനും. പദ്ധതിക്കായി 1629.24 കോടി രൂപയുടെ ബാധ്യത എൽഡിഎഫ് സർക്കാർ ഏറ്റെടുത്തിരുന്നു. 24 വില്ലേജുകളിൽക്കൂടിയാണ് ഔട്ടർ റിങ് റോഡ് കടന്നുപോകുന്നത്.


കഴിഞ്ഞവർഷം ഔട്ടർ റിങ്‌ റോഡിന് പ്രാഥമിക വിജ്ഞാപനം (3എ) പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനവിഹിതം സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർബന്ധംപിടിച്ചതോടെ പദ്ധതി നീണ്ടു. ഇതോടെയാണ് 1629.24 കോടി രൂപയുടെ അധികബാധ്യത എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത്. പദ്ധതി നീണ്ടതോടെ ആദ്യഘട്ട വിജ്ഞാപനം റദ്ദായി. കേന്ദ്രനടപടി വൈകുന്നതിനാൽ ഭൂഉടമകൾക്ക് വസ്‌തു പണയപ്പെടുത്തി വായ്‌പ എടുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയുന്നില്ല. ഇതോടെ ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നഷ്ടപരിഹാരം വൈകുന്നതിൽ കോടതി അതൃപ്തിയും അറിയിച്ചു. 62.70 കിലോമീറ്റർ റിങ് റോഡിനായി 291.8 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home