കോമോയ്‌ക്കെതിരെ ഇന്ന് അരങ്ങേറ്റം; ബ്രൂണോ ഗ്വിമാറായസിനെ ഇറക്കാൻ ആഴ്‌സണൽ

ടീം കോമോ (ഇടത്) ബ്രൂണോ ഗ്വിമാറായസ് (വലത്)| Photo: AP, BBC
ലണ്ടൻ : ആഴ്‌സണലിന്റെ പുതിയ മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാറായസ് ഇന്ന് കോമോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചേക്കും. 75 മില്യൺ പൗണ്ടിന് ടീമിലെത്തിയ താരത്തെ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നെങ്കിലും മത്സരത്തിൽ കളിപ്പിച്ചിരുന്നില്ല.
ഡോർട്ട്മുണ്ടിനെതിരായ മത്സരത്തിന് മുമ്പുതന്നെ പുതിയ സഹതാരങ്ങൾക്കൊപ്പം പരിശീലനം ആരംഭിച്ച ഗ്വിമാറായസ് കഴിഞ്ഞ ദിവസങ്ങളിലും പരിശീലനം തുടർന്നു. ഫിറ്റ്നസ് വീണ്ടെടുക്കുന്ന താരത്തിന് ഏകദേശം 30 മിനിറ്റ് അവസരം നൽകാനാണ് പരിശീലകൻ മികേൽ ആർട്ടെറ്റ ആലോചിക്കുന്നത്.
ബുക്കായോ സാകയും ഡെക്ലൻ റൈസും പരിശീലനത്തിൽ തിരിച്ചെത്തിയെങ്കിലും കോമോയ്‌ക്കെതിരായ മത്സരത്തിൽ ഇരുവരും കളിയ്ക്കാൻ സാധ്യത കുറവാണ്. ഗോൾകീപ്പർ ഡേവിഡ് റായയ്ക്ക് 45 മിനിറ്റ് കളിക്കാൻ അവസരം ലഭിച്ചേക്കും. കെപ അരിസബലാഗയോ ഇലാൻ മെസ്ലിയറോ ആയിരിക്കും ശേഷിക്കുന്ന സമയം ഗോൾവല കാക്കുക.
ജുറിയൻ ടിംബർ തിരിച്ചെത്താൻ ഇനിയും ആഴ്ചകൾ വേണ്ടിവരുന്നതിനാലും വില്യം സാലിബ ദീർഘകാലമായി പുറത്തായതിനാലും പ്രതിരോധത്തിൽ ആർട്ടെറ്റയ്ക്ക് താരങ്ങളുടെ കുറവുണ്ട്. അതിനാൽ ബെൻ വൈറ്റിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തും.
പ്രീ സീസണിൽ കൂടുതലും മിഡ്ഫീൽഡിലാണ് കായ് ഹാവെർട്സ് കളിച്ചത്. കോമോയ്‌ക്കെതിരെ മുന്നേറ്റനിരയിൽ താരത്തെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെയും മികച്ച പ്രകടനം നടത്തിയ ക്രിസ്റ്റോസ് ട്സോളിസ് വീണ്ടും അസിസ്റ്റ് നേടിയിരുന്നു. ഗബ്രിയേൽ മാർട്ടിനെല്ലി തിരിച്ചെത്തിയ സാഹചര്യത്തിൽ ട്സോളിസിന് പുറത്തിരിക്കേണ്ടി വന്നേക്കും. മത്സരം ഇന്ന് രാത്രി 7.30ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കും. ആഴ്‌സണലിന്റെ യൂട്യൂബ് ചാനലിൽ മത്സരം കാണാം.










0 comments