print edition തീരുവ കുത്തനെ കൂട്ടി; സ്വർണം കുതിച്ചു


സ്വന്തം ലേഖകൻ
Published on May 14, 2026, 01:42 AM | 1 min read
ന്യൂഡൽഹി : പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള പ്രതിസന്ധി നേരിടാനുള്ള നടപടിയെന്ന പേരിൽ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറിൽനിന്ന് 15 ശതമാനമായി വർധിപ്പിച്ച് കേന്ദ്രസർക്കാർ. ഇറക്കുമതിച്ചെലവ് വർധിച്ച സാഹചര്യത്തിൽ ഇറക്കുമതി പരമാവധി നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. പ്ലാറ്റിനം ഇറക്കുമതി തീരുവ 6.4ൽനിന്ന് 15.4 ശതമാനമാക്കാനും തീരുമാനിച്ചു. ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ സ്വർണം, വെള്ളി വില കുതിച്ചുയർന്നു.
കേരളത്തിൽ ഒരുഘട്ടത്തിൽ പവന് 10,200 രൂപ വരെ വർധിച്ച് 1,23,120 രൂപ ആയെങ്കിലും പിന്നീട് 1,18,800 രൂപയായി. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 5,880 രൂപയുടെ വർധന. പശ്‌ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുള്ള പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി സ്വർണം വാങ്ങുന്നത് പരമാവധി കുറയ്‌ക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു. ഇന്ധനം, വളം, സ്വർണം എന്നിവയുടെ ഇറക്കുമതിച്ചെലവ് വൻതോതിൽ വർധിച്ചതുമൂലം വിദേശനാണയ ശേഖരത്തിൽ ഇടിവുണ്ടായിരുന്നു. സമാന്തരമായി രൂപയുടെ മൂല്യത്തകർച്ച തുടരുന്നതും ആശങ്കയ്ക്കിടയാക്കി. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2025–26ൽ സ്വർണ ഇറക്കുമതി 24 ശതമാനം വർധിച്ച് 6.77 ലക്ഷം കോടിയായിരുന്നു. ഇറക്കുമതിച്ചെലവ് സർവകാല റെക്കോഡിലെത്തിയെങ്കിലും ഇറക്കുമതി സ്വർണത്തിന്റെ അളവ് 4.76 ശതമാനം ഇടിഞ്ഞു. ആഭ്യന്തര ആവശ്യങ്ങൾക്കുള്ള സ്വർണത്തിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
ഇറക്കുമതി തീരുവ വർധിച്ചതോടെ സ്വർണത്തിന്റെ ഡിമാൻഡ് കുറയുമെന്നും അതിനനുസരിച്ച് ഇറക്കുമതി വെട്ടിക്കുറയ്‌ക്കാൻ കഴിയുമെന്നുമാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അതേസമയം, തീരുവ വർധിപ്പിച്ചതുകൊണ്ട് മാത്രം ഇറക്കുമതി കുറയില്ലെന്ന് ജെം ആൻഡ് ജ്വല്ലറി എക്‌പോർട്ട് പ്രമോഷൻ കൗൺസിൽ പ്രതികരിച്ചു. സ്വർണവില കുതിച്ചുയരാനും സ്വർണക്കടത്ത് വ്യാപകമാകാനും ഇത് കാരണമാകും.











0 comments