പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് വിജയ് സർക്കാർ; ചെന്നൈയിൽ അഞ്ചാം ടെർമിനൽ

ചെന്നൈ: പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ വ്യക്തമാക്കി. പരന്തൂരിൽ വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് വ്യാപക പ്രതിഷേധം നടന്നിരുന്നു. പിന്നാലെയാണ് തീരുമാനം. സെക്ഷൻ 110 പ്രകാരമാണ് പരന്തൂരിലെ പദ്ധതി ഉപേക്ഷിച്ചതായി വിജയ് പ്രഖ്യാപിച്ചത്. വിമാനത്താവളത്തിനായി പുതിയ സ്ഥലങ്ങൾ പരിഗണിക്കുന്നുണ്ടെന്നും ഉടൻ അന്തിമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരന്തൂരിൽ വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ധാരാളം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടായിരുന്നു. കൂടാതെ വ്യാപക കൃഷി നാശവുമുണ്ടായുകും. ഇത് കണക്കിലെടുത്താണ് പരന്തൂരിൽ പദ്ധതിയിട്ട വിമാനത്താവള നിർമാണം ഉപേക്ഷിക്കുന്നതെന്ന് വിജയ് സഭയിൽ പറഞ്ഞു. പുതിയ സ്ഥലത്തിനായി ശാസ്ത്രീയ - സാങ്കേതിക പഠനം നടത്തും. ഇതിനായി വിദഗ്ധ സംഘങ്ങളെ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ നിലവിലുള്ള ചെന്നൈ വിമാനത്താവളത്തിൽ അഞ്ചാമതായി ഒരു ടെർമിനൽ കൂടി പ്രഖ്യാപിച്ചു. നിലവിൽ 30 ലക്ഷം യാത്രക്കാർ പ്രതിവർഷം വിമാനത്താവള സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. വിമാനത്താവളം വികസിപ്പിക്കുന്നതോടെ 20 ലക്ഷം അധിക യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. നിലവിൽ ചെന്നൈയിൽ മൂന്നാമത്തെ ടെർമിനലിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.










0 comments