ad
Deshabhimani

print edition ക്വാറി, ക്രഷർ ഉൽപ്പന്നങ്ങൾക്ക്‌ തമിഴ്‌നാടിന്റെ നിയന്ത്രണം: നിർമാണ മേഖലയിൽ പ്രതിസന്ധി

VIJAY KARUR
വെബ് ഡെസ്ക്

Published on Jul 21, 2026, 12:01 AM | 1 min read

കോട്ടയം: ക്വാറി–ക്രഷർ ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക്‌ കയറ്റിയയ്‌ക്കുന്നതിന്‌ തമിഴ്‌നാട് സർക്കാർ നിയന്ത്രണംകൊണ്ടുവന്നതോടെ സംസ്ഥാനത്ത് നിർമാണ മേഖല പ്രതിസന്ധിയിൽ. ക്വാറി–ക്രഷർ ഉൽപ്പന്നങ്ങളുടെ വരവ്‌ നിലച്ചതോടെ സംസ്ഥാനത്ത്‌ എം സാൻഡ്‌, മെറ്റൽ, പാറപ്പൊടി തുടങ്ങിയവയ്‌ക്ക്‌ വിലകൂടി. തമിഴ്‌നാട്ടിലെ നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തിൽ കേരളത്തിൽ ക്വാറി ഉൽപ്പന്നങ്ങൾക്ക്‌ അമിതമായി വില കൂട്ടുകയാണെന്നും ആക്ഷേപമുണ്ട്‌. ക്വാറി ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ വേണമെന്നാണ്‌ കരാറുകാരുടെ ആവശ്യം.


തമിഴ്‌നാട് മൈനിങ് ആൻഡ്‌ ജിയോളജി വകുപ്പാണ് ഇതരസംസ്ഥാനങ്ങളിലേക്ക്‌ കരിങ്കൽ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന്‌ നിയന്ത്രണം ഏർപ്പെടുത്തിയത്. ക്വാറി ഉത്പന്നങ്ങൾക്ക്‌ തമിഴ്‌നാട്ടിൽ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമാണ് നിയന്ത്രണമേർപ്പെടുത്തിയത്. തമിഴ്നാട്ടിലെ ആഭ്യന്തര ആവശ്യങ്ങൾ പൂർണമായി നിറവേറ്റിയശേഷമുള്ള മിച്ച സ്റ്റോക്ക് മാത്രമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ അനുമതിയുള്ളൂ. ജിയോളജി വകുപ്പിന്റെ ഓൺലൈൻ സംവിധാനം വഴിയുള്ള ട്രാൻസിറ്റ്‌ പാസോ, ലൈസൻസോ ഇല്ലാതെ ക്വാറി ഉത്പന്നങ്ങൾ കേരളത്തിലേക്കു കൊണ്ടുവരാനുമാകില്ല. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ജിയോളജി ഉദ്യോഗസ്ഥർ വാഹന പരിശോധന കർശനമാക്കിയിട്ടുമുണ്ട്‌.


ഇതോടെ ക്വാറി ഉൽപ്പന്നങ്ങൾക്ക്‌ തമിഴ്‌നാടിനെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമായി. മൂവായിരത്തിലധികം കരിങ്കൽ ക്വാറികളുണ്ടായിരുന്ന സംസ്ഥാനത്ത്‌ ഇപ്പോൾ മുന്നൂറിൽ താഴെ മാത്രമാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു. സംസ്ഥാനത്ത്‌ ആവശ്യമുള്ളതിന്റെ 30 ശതമാനംപോലും കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നില്ല. മറ്റ്‌ സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്ത് ക്വാറി, -ക്രഷർ ഉൽപ്പന്നങ്ങൾ കേരളത്തിൽ എത്തിക്കാനുള്ള സാഹചര്യമുണ്ടാക്കണം. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home