ഇടുക്കിയിൽ പരിസ്ഥിതിലോല പട്ടികയിൽ 47 വില്ലേജുകൾ; മലയോര ജനത ആശങ്കയിൽ

ഇടുക്കി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകൾ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ കരട് വിജ്ഞാപനം ഇടുക്കിയിലെ മലയോര-കാർഷിക മേഖലയെ ആശങ്കയിലാക്കുന്നു. ജില്ലയിലെ 47 വില്ലേജുകളാണ് പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനവാസവും കൃഷിയിടങ്ങളും തോട്ടങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളെ വില്ലേജ് അടിസ്ഥാനത്തിൽ ഇഎസ്എ പട്ടികയിൽ ഉൾപ്പെടുത്തുന്ന കേന്ദ്രത്തിന്റെ സമീപനമാണ് ഇടുക്കി ജനതയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി നിർദേശിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ വില്ലേജുകൾ ഇടുക്കിയിലാണ്. ദേവികുളം, ഇടുക്കി, പീരുമേട്, തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളിലെ നിരവധി കാർഷിക-ജനവാസ മേഖലകൾ പട്ടികയിൽ ഉൾപ്പെടുന്നു.
അനവിരട്ടി, ഇടമലക്കുടി, കാന്തല്ലൂർ, കെഡിഎച്ച്, കീഴാന്തൂർ, കോട്ടക്കമ്പൂർ, കുഞ്ഞിത്തണ്ണി, മാങ്കുളം, മന്നാംകണ്ടം, മറയൂർ, മൂന്നാർ, പള്ളിവാസൽ, വട്ടവട, വെള്ളത്തൂവൽ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, കഞ്ഞിക്കുഴി, കട്ടപ്പന, തങ്കമണി, വാത്തിക്കുടി, കുമളി, പീരുമേട്, പെരുവന്താനം, അരക്കുളം, ഉടുമ്പന്നൂർ, ചിന്നക്കനാൽ, ശാന്തൻപാറ, രാജാക്കാട്, രാജകുമാരി, വണ്ടൻമേട് തുടങ്ങിയ മേഖലകളും കരടിന്റെ പരിധിയിലുണ്ട്.
വനമേഖലയും ജനവാസ-കാർഷിക മേഖലയും കൃത്യമായി വേർതിരിക്കാതെ വില്ലേജുകളെ പട്ടികപ്പെടുത്തുന്നതാണ് ഇടുക്കിയിൽ ആശങ്ക വർധിപ്പിക്കുന്നത്. തലമുറകളായി കൃഷി ചെയ്തുവരുന്ന ഭൂമിയും തോട്ടങ്ങളും വീടുകളും ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ഭാവി എന്താകുമെന്ന ചോദ്യമാണ് കർഷകർക്കുള്ളത്. പ്രത്യേകിച്ച് ക്വാറി, ഖനനം, വലിയ വ്യവസായങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് ഇഎസ്എയിൽ നിയന്ത്രണങ്ങൾ വരുമെന്നതിനാൽ ഭാവിയിലെ ഭൂവിനിയോഗത്തെയും വികസന പ്രവർത്തനങ്ങളെയും ഇത് ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്.
നിലവിലുള്ള വീടുകളും കൃഷിയും കരട് വിജ്ഞാപനം വന്നതോടെ തന്നെ നിരോധിക്കപ്പെടുന്ന സാഹചര്യമില്ല. എന്നാൽ അന്തിമ വിജ്ഞാപനത്തിൽ അതിർത്തി എങ്ങനെ നിശ്ചയിക്കും, ഏതൊക്കെ ഭൂവിഭാഗങ്ങൾ ഇഎസ്എയിൽ തുടരും, എന്തൊക്കെ നിയന്ത്രണങ്ങൾ ബാധകമാകും എന്നീ കാര്യങ്ങളിൽ വ്യക്തതയില്ലാത്തതാണ് പ്രശ്നം. ഈ അനിശ്ചിതത്വമാണ് മലയോര ജനതയെ വീണ്ടും ആശങ്കയിലാക്കുന്നത്.
ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, ഉദ്യാനകൃഷി മേഖലകൾ എന്നിവ ഒഴിവാക്കി വനഭൂമിയെ അടിസ്ഥാനമാക്കി ഇഎസ്എ അതിർത്തി നിശ്ചയിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. കഡസ്ട്രൽ സർവേയും ഭൂവിനിയോഗ സ്വഭാവവും അടിസ്ഥാനമാക്കി അതിർത്തി നിർണയിക്കാനുള്ള സാധ്യത ഉണ്ടായിട്ടും കേന്ദ്രത്തിന്റെ പുതിയ കരടിലും വില്ലേജ് അടിസ്ഥാനത്തിലുള്ള പട്ടിക തുടരുകയാണ്.
ഇടുക്കിയിലെയും വയനാട്ടിലെയും ചില വില്ലേജുകൾ പൂർണമായി ഒഴിവാക്കണമെന്ന നിർദേശവും കേന്ദ്രം അംഗീകരിച്ചിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ജനവാസ-കാർഷിക മേഖലകളെ കൂടി അനിശ്ചിതത്വത്തിലാക്കുന്ന തരത്തിലാണ് വീണ്ടും കരട് പുറത്തിറക്കിയിരിക്കുന്നത്.
കരട് വിജ്ഞാപനം ഇംഗ്ലീഷിൽ മാത്രം പുറത്തിറക്കിയതും മലയോര മേഖലയിലെ സാധാരണ ജനങ്ങൾക്ക് തിരിച്ചടിയായി. വിജ്ഞാപനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കാൻ ഹൈക്കോടതിക്ക് ഇടപെടേണ്ടിവന്നു. സ്വന്തം ഭൂമി ഇഎസ്എ പരിധിയിൽ വരുമോ, എന്ത് നിയന്ത്രണമാണ് ബാധകമാകുക തുടങ്ങിയ കാര്യങ്ങൾ പോലും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായത്.
കേന്ദ്രത്തിന്റെ ഈ നയങ്ങൾ ഇടുക്കി പോലുള്ള മലയോര ജില്ലയിലെ ജീവിതത്തെയും കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കും. കേന്ദ്രം അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുമ്പ് ജനവാസവും കൃഷിയിടങ്ങളും വ്യക്തമായി ഒഴിവാക്കി അതിർത്തി പുനർനിർണയിക്കണമെന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം.









0 comments